നാലു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ വ്യത്യസ്ത സംഭവങ്ങളിലായി ഇസ്രായേല്‍ സൈനികര്‍ക്കെതിരേ കത്തിക്കുത്താക്രമണം നടത്തിയെന്നാരോപിച്ച് നാലു ഫലസ്തീനികളെ അധിനിവേശ സൈന്യം വെടിവച്ചു കൊന്നു.
ഇതോടെ ഒക്ടോബര്‍ മുതല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 149 ആയി. ഹെബ്രോണില്‍ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം തന്നെ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സൈനികനെ കത്തിയുപയോഗിച്ച് കുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവിനു നേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. ബത്‌ലഹേമിലെ എത്തിഷനിലെ ജൂത കുടിയേറ്റ കേന്ദ്രത്തിനടുത്താണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. സൈന്യത്തിനെതിരേ ആക്രമണത്തിനു ശ്രമിച്ചെന്നാരോപിച്ചാണ് സൈന്യം ഇവരെ വെടിവച്ചു വീഴ്ത്തിയത്.
റെഡ് ക്രസന്റ് സംഘത്തെ മേഖല സന്ദര്‍ശിക്കുന്നതില്‍നിന്ന് ഇസ്രായേല്‍ തടഞ്ഞെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ മുതല്‍ 3422 ഫലസ്തീനികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലി സൈന്യത്തിന്റെ 848 ഓളം ആക്രമണങ്ങളില്‍ 15,000 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും അല്‍ഖുദ്‌സ് റിസര്‍ച്ച് സെന്ററിന്റെ അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it