നാലു ഫലസ്തീനികളെ ഇസ്രായേല്‍ വധിച്ചു; സംഘര്‍ഷം അത്യാപത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ

ജറുസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാവുന്നു. വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞദിവസം നാലു ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ വെടിവച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് ഹെബ്രോണ്‍ നഗരത്തില്‍ 23കാരനായ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി.
യുവാവിനെതിരേ ഏഴുതവണ നിറയൊഴിച്ചതായും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ആംബുലന്‍സിനെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, ചെക്‌പോയിന്റിനു 50 മീറ്റര്‍ അകലെക്കൂടി കടന്നുപോവുകയായിരുന്ന യുവാവിനെ സൈന്യം വെടിവയ്ക്കുകയായിരുന്നു എന്ന് ഫലസ്തീനിയന്‍ അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
വെസ്റ്റ്ബാങ്കിലെ ബത്‌ലഹേമില്‍ ഗുഷ് എത്‌സിയോണ്‍ ജൂദ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കു സമീപത്തുവച്ചാണ് 22ഉം 18ഉം പ്രായമുള്ള രണ്ടു യുവാക്കളെ കൊലപ്പെടുത്തിയത്.
ഇസ്രായേല്‍ സൈന്യത്തെ കല്ലെറിഞ്ഞു എന്നാരോപിച്ച് കൗമാരക്കാരനെ പോലിസ് വെടിവച്ചു കൊന്നതിനു പിന്നാലെയാണ് ഈ മാസം മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. അതേസമയം, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അത്യാപത്തിലേക്കാണു പോവുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കി. ആറു പതിറ്റാണ്ടോളമായി തുടരുന്ന സംഘര്‍ഷത്തിന്റെ പുതിയ സംഭവവികാസങ്ങള്‍ ഭയാനകമാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ അറിയിച്ചു.
സംഘര്‍ഷം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മഹാദുരന്തത്തിനു സാക്ഷികളാവേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരേ നിഷ്ഠുരമായ കൊലപാതകങ്ങളും അക്രമങ്ങളുമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ പറഞ്ഞു. ഇതിനെതിരേ ഫലസ്തീന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം തകര്‍ന്ന ഇസ്രായേല്‍-ഫലസ്തീന്‍ ധാരണ പുനസ്ഥാപിക്കണമെന്നു ലോകനേതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
നിലവിലെ അവസ്ഥ മൂന്നാം ഫലസ്തീനിയന്‍ ഇന്‍തിഫാദയിലേക്കു നയിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഈ മാസം ഒന്നു മുതല്‍ കുട്ടികളടക്കം 65ലധികം ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റവരുടെ എണ്ണം 2200ല്‍ അധികമാണ്.
Next Story

RELATED STORIES

Share it