നാലു പതിറ്റാണ്ടിനുള്ളില്‍ നെല്‍കൃഷി 77 ശതമാനം കുറഞ്ഞു

പി അനീബ്

കോഴിക്കോട്: കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്തെ നെല്‍കൃഷി 77 ശതമാനം കുറഞ്ഞു. 1975-76 കാലയളവി ല്‍ 8.76 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്ല് കൃഷി ചെയ്തിരുന്നെങ്കി ല്‍ 2014-15ല്‍ 1,98,159 ഹെക്ടര്‍ സ്ഥലത്തു മാത്രമാണ് കൃഷി നടന്നതെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ റിപോര്‍ട്ട് പറയുന്നു.
1961-62ല്‍ 7.53 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷിയുണ്ടായിരുന്നത്. 1975-76ല്‍ ഇത് 8.76 ലക്ഷം ഹെക്ടറിലേക്കു വ്യാപിച്ചു. എന്നാല്‍, പിന്നീട് ഓരോ വര്‍ഷവും കൃഷി കുറഞ്ഞു. 2007-08ല്‍ 2.29 ലക്ഷം ഹെക്ടറിലാണ് കൃഷി ചെയ്തത്. 2001-02 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 38.5 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013നേക്കാള്‍ 1451 ഹെക്ട ര്‍ കുറവു സ്ഥലത്താണ് 2014ല്‍ കൃഷി നടന്നത്. ഇതിനാല്‍ 2233 ടണ്‍ നെല്ലിന്റെ കുറവുണ്ടായി. ഒരു ഹെക്ടറില്‍ നിന്ന് മുന്‍വര്‍ഷം 2827 കിലോഗ്രാം അരി ലഭിച്ചെങ്കില്‍ 2014ല്‍ ഇത് 2837 കിലോഗ്രാം ആയി ഉയര്‍ന്നു. ജൂലൈ-ഒക്ടോബര്‍, നവംബര്‍-ഫെബ്രുവരി, മാര്‍ച്ച്-ജൂണ്‍ മൂന്നു സീസണിലാണ് കൃഷി നടക്കുന്നത്. യഥാക്രമം 2524, 2859, 3235 എന്നിങ്ങനെയായിരുന്നു ഈ സമയത്തെ ഉല്‍പാദനം.
2013മായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൃഷിയില്‍ നേരിയ വര്‍ധനയുണ്ടായതായി റിപോ ര്‍ട്ട് പറയുന്നു. 82,912 ഹെക്ടര്‍ കൃഷിയുമായി പാലക്കാടാണ് 2014 ല്‍ മുന്നില്‍. 34,415 ഹെക്ടറുമായി ആലപ്പുഴയും 24,151മായി തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
നെല്ല്, ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്ത സ്ഥലത്തില്‍ 2001-02മായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനത്തിന്റെ കുറവുണ്ടായി. ഇഞ്ചിയില്‍ ഇത് 55 ശതമാനമാണ്. അടക്ക മുന്‍വര്‍ഷത്തേക്കാള്‍ 3.3 ശതമാനം കുറഞ്ഞു. ജാതി കൃഷി 171 ശതമാനം വേഗത്തിലാണു വളരുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളി ല്‍ കശുമാവും കുറഞ്ഞു. 2013-14നേക്കാള്‍ 17 ശതമാനം കുറവാണ് നാളികേരത്തിനുണ്ടായത്. 2001-02 കാലഘട്ടവുമായി നോക്കുമ്പോള്‍ കശുവണ്ടി കൃഷി 80 ശതമാനം കുറഞ്ഞു. എള്ള് 70 ശതമാനമാണു കുറഞ്ഞത്. 1975-76ല്‍ 37,485 ഹെക്ടറില്‍ കൃഷി ചെയ്ത പയറുവര്‍ഗങ്ങള്‍ ഇപ്പോള്‍ 3601 ഹെക്ടറില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്.
പഞ്ചസാര, പന എന്നിവയും പിന്നോട്ടു പോയി. 2001-02 മായി താരതമ്യം ചെയ്യുമ്പോള്‍ കുരുമുളക് കൃഷിചെയ്യുന്ന സ്ഥലം 30 ശതമാനവും കശുവണ്ടി 55, റബര്‍ 13, പരുത്തി 95, മഞ്ഞള്‍ 14 ശതമാനവും കുറഞ്ഞു. കേരളത്തില്‍ 2014-15ല്‍ മൊത്തം കൃഷിയിറക്കിയത് 20,42,881 ഹെക്ടര്‍ സ്ഥലത്താണ്. മുന്‍വര്‍ഷത്തേക്കാള്‍ 0.39 ശതമാനം കുറവ്. 1,00,676 ഹെക്ടര്‍ ഭൂമിയാണു തരിശിട്ടത്. 23,764 ഹെക്ടര്‍ തരിശുഭൂമിയുമായി പാലക്കാടാണു മുന്നില്‍.
Next Story

RELATED STORIES

Share it