Flash News

നാലുവരി പാത: സിപിഎം-സിപിഐ നിലപാടുകളില്‍ ഭിന്നത

കൊച്ചി: നാലുവരി പാതയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത നിലപാട്. കേരളത്തില്‍ നാലുവരി പാത പ്രാവര്‍ത്തികമാക്കാതെ അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് പ്രസംഗിച്ചിട്ടു കാര്യമില്ലെന്നും വികസനത്തിനുള്ള അടിസ്ഥാന പദ്ധതിയാണ് നാലുവരി പാതയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, കേരളത്തിന് ഉചിതം തൂണുകളില്‍ നിര്‍ത്താവുന്ന ആകാശപാതകള്‍(എലിവേറ്റഡ് ഹൈവെ) ആണെന്നായിരുന്നു സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ നിലപാട്. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടന വേദിയിലായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനങ്ങള്‍.
പരിസ്ഥിതിക്ക് ദോഷകരമായ ഒരു പദ്ധതിയും നടപ്പാക്കരുതെന്നാണ് നിലപാട്. എന്നാല്‍, അത്യന്താപേക്ഷിതമായ വികസനപദ്ധതികളുടെ കാര്യത്തില്‍ പരിസ്ഥിതി മൗലികവാദസമീപനം പാടില്ലെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് നാലുവരി പാതയില്ലാതെ പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് എത്ര ചര്‍ച്ചനടത്തിയിട്ടും കാര്യമില്ല, നാലുവരി പാതകളും ആറുവരി പാതകളും സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍വന്ന് അവസാനിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ ശ്രമകരമായ കാര്യമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവും.
ദേശീയപാത വികസനത്തിനായി 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാമെന്ന് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന് അനുകൂലമാണ്. ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ 40ഉം 50ഉം ശതമാനം ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ബാക്കി ഭൂമികൂടി ഏറ്റെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയും -കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ റോഡുകള്‍ മെച്ചപ്പെടുത്താനും ടാറിങ് പോലുള്ള പ്രവൃത്തികള്‍ വ്യാപിപ്പിക്കാനും കഴിഞ്ഞിരുന്നു. ഗ്രാമീണ റോഡുകളുടെ കാര്യത്തില്‍ കൈവരിച്ച ഈ നേട്ടം പോലും ഇന്ന് മതിയാവാതെ വന്നിരിക്കുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുത്തത്. ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നടപടിക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍വരുത്തി ഇടപെട്ടാല്‍ മാത്രമേ പശ്ചാത്തല വികസനരംഗത്ത് വിജയിക്കാന്‍ കഴിയൂവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വലിയ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കുന്നതാണ് വികസനമെന്ന് കരുതരുത്. ജനങ്ങളെ ബോധ്യപ്പെടുത്തി അവരെ കൂടി പങ്കാളികളാക്കി വികസനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മാത്രമാണ് വികസനം അവര്‍ക്കുകൂടി ബോധ്യപ്പെടുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നഷ്ടപരിഹാര വിതരണവും ദേശീയപാത വികസനത്തിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഏറ്റവും ഉചിതം തൂണുകളില്‍ നിര്‍ത്താവുന്ന ആകാശപാതകള്‍ (എലിവേറ്റഡ് ഹൈവെ) ആണെന്ന് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ഇതിന് കേന്ദ്രഫണ്ട് ഉള്‍പ്പെടെ ലഭ്യമാക്കണം. റോഡുകളുടെ വികസനം ഇല്ലാതെ രാജ്യത്ത് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല. നാലുവരിയായാലും ആറുവരിയായാലും അതിനുള്ള ഫണ്ടില്‍ ഉള്‍പ്പെടുത്തിയല്ലാതെ നഷ്ടപരിഹാരം നല്‍കലും കിടപ്പാടം പോകുന്നവര്‍ക്ക് ഭൂമിയും പാര്‍പ്പിടവും അനുവദിക്കലും നടത്താന്‍ കഴിയില്ല. എന്നാല്‍, കൊച്ചി മെട്രോയുടെ മാതൃകയില്‍ നിലവിലെ റോഡുകള്‍ക്ക് മുകളിലൂടെ തൂണുകളില്‍ നിലകൊള്ളുന്ന പാതകള്‍ സൃഷ്ടിച്ചാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു.
രാജ്യത്ത് നഗരവല്‍ക്കരണം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന ബോധ്യത്തോടെ വേണം വികസന മാര്‍ഗരേഖകള്‍ തയ്യാറാക്കാനെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it