നാലാം കിരീടം ലക്ഷ്യമിട്ട് കേരളം

റാഞ്ചി: 31ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് റാഞ്ചിയില്‍ തുടക്കം. നാലു ദിനം ട്രാക്കിലും ഫീല്‍ഡിലും മെഡലുകള്‍ക്കായി കൊമ്പുകോര്‍ക്കുമ്പോള്‍ മീറ്റിന് വേദിയാവുന്ന ബിര്‍സമുണ്ട സ്‌റ്റേഡിയം ആവേശഭരിതമാവും. 25നാണ് മീറ്റ് സമാപിക്കുന്നത്.
തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് കേരളം മീറ്റിനെത്തിയിരിക്കുന്നത്. മീറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം കൂടിയാണ് കേരളം. 20 തവണയാണ് മീറ്റില്‍ കേരളം ചാംപ്യന്‍മാരായത്. കിരീട നേട്ടം ഇത്തവണയും നിലനിര്‍ത്താനുറച്ചാണ് ജോര്‍ജ് ജോസഫ് പരിശീലിപ്പിക്കുന്ന കേരളത്തിന്റെ കുട്ടികള്‍ റാഞ്ചിയിലെത്തിയിരിക്കുന്നത്. ഇത്തവണ കുറഞ്ഞ ടീമുമായാണ് കേരളം മീറ്റിനെത്തിയിരിക്കുന്നത്. 97 താരങ്ങളാണ് റാഞ്ചിയില്‍ കേരളത്തെ പ്രതിനിധീകരിക്കുക.
ആദ്യദിനമായ ഇന്ന് 20 ഫൈനലുകളാണ് മീറ്റില്‍ അരങ്ങേറുന്നത്. അണ്ടര്‍ 20 വനിതാ വിഭാഗം 5000 മീറ്റര്‍ ഓട്ടം, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജംപ്, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ലോങ്ജംപ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹൈജംപ്, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഷോട്ട്പൂട്ട്, ജാവ്‌ലിന്‍ ത്രോ എന്നീ ഒമ്പത് ഫൈനലുകള്‍ ആദ്യ സെഷനില്‍ നടക്കും. ഉച്ചയ്ക്കു ശേഷം 11 ഫൈനലാണ് ആദ്യദിനം നടക്കുക.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ജാവ്‌ലിന്‍ ത്രോ, ഹൈജംപ്, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജംപ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ ഓട്ടം, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 2000 മീറ്റര്‍ ഓട്ടം, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടം, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടം, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടം, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടം എന്നീ ഫൈനലുകളാണ് രണ്ടാം സെഷനില്‍ അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it