നാലാംതരം വരെ തോല്‍പ്പിക്കരുത്; അഞ്ചുമുതല്‍ പരീക്ഷ നടത്തണം

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ നാലാംതരം വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കരുതെന്നും അഞ്ചാം ക്ലാസ് മുതല്‍ പരീക്ഷകള്‍ നടത്തണമെന്നും പുതിയ വിദ്യാഭ്യാസനയം ആവിഷ്‌കരിക്കുന്നതിന് കേന്ദ്രം നിയമിച്ച സുബ്രഹ്മണ്യന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശകളടങ്ങിയ റിപോര്‍ട്ട് മുന്‍ കാബിനറ്റ് സെക്രട്ടറിയായ ടിഎസ്ആര്‍ സുബ്രഹ്്മണ്യന്‍ കഴിഞ്ഞദിവസമാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. പ്രൈമറി മുതല്‍ ഉന്നതതലം വരെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ 200 പേജ് വരുന്ന റിപോര്‍ട്ടിലുണ്ട്. പഠനഫലം വിദ്യാര്‍ഥികള്‍ക്ക് ഹാനികരമാവില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. എട്ടാംതരം വരെ കുട്ടികളെ തോല്‍പിക്കരുതെന്നാണ് വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്നത്. ഈ നയം പുനപ്പരിശോധിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. അഞ്ചാംതരം മുതല്‍ പരീക്ഷ എഴുതിക്കണമെങ്കിലും തോറ്റ കുട്ടികള്‍ക്ക് രണ്ടു തവണകൂടി അവസരം നല്‍കണമെന്നും ശുപാര്‍ശയുണ്ട്. കോച്ചിങ് ക്ലാസുകളുടെയും പ്രവേശനപ്പരീക്ഷകളുടെയും സ്വാധീനം സംബന്ധിച്ചും റിപോര്‍ട്ട് വിലയിരുത്തുന്നു. അടിസ്ഥാന സൗകര്യം മുതല്‍ വിദ്യാഭ്യാസ ഗുണനിലവാരം വരെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക ശുപാര്‍ശകള്‍ അടങ്ങിയതാണ് റിപോര്‍ട്ട്. വിദ്യാഭ്യാസ കാഡര്‍ സര്‍വീസ് രൂപീകരിക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം. വിദ്യാഭ്യാസ ഭരണ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. മതിയായ നിയന്ത്രണങ്ങളോടെയെങ്കിലും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കണം-റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. സുബ്രഹ്മണ്യനെ കൂടാതെ ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ശൈലജ ചന്ദ്ര, ഡല്‍ഹി മുന്‍ ആഭ്യന്തര സെക്രട്ടറി സേവാറാം ശര്‍മ, ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറി സുധീര്‍ മങ്കാട്, മുന്‍ എന്‍സിആര്‍ടി ഡയറക്ടര്‍ ജെ എസ് രാജ്പുത് എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍.
Next Story

RELATED STORIES

Share it