azchavattam

നായ

കഥ/സമദ് പനയപ്പിള്ളി

ഞായറാഴ്ച രാവിലെ ലൈബ്രറിയില്‍ പോയി പത്രം വായിച്ച് വരുമ്പോഴാണു നഗരത്തിലെ തിരക്കുള്ള നിരത്തില്‍ വച്ചു നായ അയാള്‍ക്കു പിന്നാലെ കൂടിയത്.നഗരത്തിലെ നിരത്തുകള്‍ മുഴുവന്‍ ഇപ്പോള്‍ നായകള്‍ കൈയടക്കിയിരിക്കുകയാണല്ലോ! അവയുടെ മറയില്ലാത്ത ജീവിതമാണിപ്പോള്‍ എവിടെയും കാണുക. അയാള്‍ നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അതയാളെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന മട്ടില്‍ പിന്നാലെ വരുകയായിരുന്നു.നായ മനുഷ്യനേക്കാള്‍ നന്ദിയുള്ള ജീവിയാണെന്നു വേദികളിലും പരിചിതരോടും പറയുമെങ്കിലും അയാള്‍ക്കൊരു ജീവിയോടും മമതയില്ല. നടക്കാന്‍ വല്ലാതെ പാടുപെടുന്നുണ്ട് നായ. അവശത അതിന്‍മേല്‍ അഴിച്ചുമാറ്റാന്‍ കഴിയാത്ത വസ്ത്രം പോലുണ്ട്. കണ്ണുകളിലാണെങ്കില്‍ ദൈന്യതയും. ഭക്ഷണം കഴിച്ച് നാളുകളായെന്ന് ഓര്‍മിപ്പിക്കുന്ന ശരീരം. ഏതോ വലിയ കുടുംബത്തില്‍ നിന്നു തീരെ അവശനെന്നു കണ്ടപ്പോള്‍ പടി ഇറക്കിയതാവും. വിശക്കുന്നുവെന്നും കഴിക്കാനെന്തെങ്കിലും തന്നാലത് കഴിച്ചിട്ടിനി സംസാരിക്കാമെന്നുമായി നായ.അന്നം ആര്‍ക്കുവേണ്ടി വാങ്ങിക്കൊടുക്കാനും അയാള്‍ക്കു മടിയില്ല. കാരണം അന്നം നിഷേധിക്കപ്പെട്ട ഒരുപാട് കാലങ്ങള്‍ അയാളുടെ ആയുസ്സിലുണ്ടായിട്ടുണ്ട്. റോഡുവക്കിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി നായയ്ക്കു കൊടുത്തു. അപ്പോഴാണു നായയുടെ കണ്ണുകളിലെ ദൈന്യതയ്ക്കുമേല്‍ തൃപ്തിയുടെ വെട്ടം പരന്നത്. വാല്‍, ക്ലോക്കിലെ പെന്‍ഡുലം പോലെ നിര്‍ത്താതെ ചലിപ്പിക്കാന്‍ തുടങ്ങിയതും.ഞാനൊരു വലിയ വീട്ടിലെ വിശ്വസ്തനായ സേവകനായിരുന്നു സുഹൃത്തേ. നന്നേ ചെറുപ്പത്തിലേ ചെന്നു കയറിയതാണ് അവിടെ. രാത്രി മുഴുവന്‍ ഉറക്കമിളയ്ക്കണം. പകല്‍ അപരിചിതരെ കണ്ടാല്‍ കുരച്ചു പേടിപ്പിക്കണം.

ഇത്രയേയുള്ളൂ ഡ്യൂട്ടി. നായ അതിന്റെ ജീവിതം പറയാന്‍ തുടങ്ങി. തിന്നാനെന്തൊക്കെ വിഭവങ്ങളായിരുന്നു എന്നു പറഞ്ഞപ്പോള്‍ നായയുടെ വായില്‍ വെള്ളമൂറി. ഇപ്പോള്‍ ഈ നിരത്തില്‍ തന്നെ എന്തൊക്കെ സംഘര്‍ഷങ്ങളെയാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് പറഞ്ഞ് നായ ദേഹത്തെ ചോരയൊലിക്കുന്ന മുറിവുകള്‍ അയാളെ കാട്ടിക്കൊടുത്തു. തെരുവിലെ മറ്റു നായകള്‍ ആക്രമിച്ചതാണ്. നീ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധിയാണെന്നു പറഞ്ഞ്.അപ്പോ ശരി. കാണാമെന്നു പറഞ്ഞു നടന്ന അയാള്‍ക്കു പിറകെ നായയും നടന്നു. ''നിങ്ങളെന്നെ ഉപേക്ഷിക്കരുത്. പ്ലീസ്. ഞാന്‍ കൂടെവരാം. ഉള്ളതുകൊണ്ട് ഓണംപോലെ നമുക്കു കഴിയാം.''അയാള്‍ നായയെയും കൂട്ടി വീട്ടില്‍ ചെന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു.അയ്യോ ഇതിനെയൊന്നും ഇവിടെ പൊറുപ്പിക്കാനാവില്ലെന്നും എവിടെയാണെന്നുവച്ചാല്‍ കൊണ്ടുപോയി വളര്‍ത്തൂവെന്നും. വളര്‍ത്തുന്നെങ്കില്‍ നല്ല നായയെ വാങ്ങി വളര്‍ത്തൂയെന്നു മകനും.ഭാര്യയും മകനും ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അയാളാ നായയെ ഉപേക്ഷിച്ചില്ല. പക്ഷേ, ഈയടുത്തൊരു വളര്‍ത്തു നായ കടിച്ചു മരിച്ച ഒരാളെക്കുറിച്ച് നിങ്ങള്‍ പത്രത്തില്‍ വായിച്ചിരുന്നില്ലേ. അതിയാളെക്കുറിച്ചാണ്.  ി
Next Story

RELATED STORIES

Share it