നായര്‍- ഈഴവ ഐക്യം തകരാനുള്ള കാരണം സുകുമാരന്‍ നായര്‍ വ്യക്തമാക്കണം: വെള്ളാപ്പള്ളി

കോട്ടയം: നായര്‍- ഈഴവ ഐക്യം തകരാനുള്ള കാരണം എന്തെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്നും ഐക്യം തകര്‍ന്നതില്‍ തന്റെ ഭാഗത്തുനിന്നു തെറ്റു സംഭവിച്ചെങ്കില്‍ തിരുത്താമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്ത് നായര്‍ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സംവരണതത്വം പാലിച്ചുകൊണ്ട് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണം നല്‍കണം. എല്ലാവര്‍ക്കും സാമൂഹികനീതി ലഭിക്കണം. എന്നാല്‍ ഇതുപറഞ്ഞാല്‍ ജാതി പറയുകയാണെന്നാണ് ആക്ഷേപം.
ഹിന്ദുക്കള്‍ക്കു രാഷ്ട്രീയ-വിഭ്യാഭ്യാസ രംഗങ്ങളില്‍ നീതിനിഷേധിക്കുകയാണ്. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതു ന്യൂനപക്ഷ സമുദായങ്ങളാണ്. അവരുടെ കൂട്ടായ്മയാണ് ഇതിനുപിന്നില്‍. ഇതുപോലെ ഹിന്ദുക്കളും സംഘടിക്കുകയും ഹിന്ദു ഐക്യം ശക്തിപ്പെടുകയും വേണം. തിരുമേനിമാരെ നികൃഷ്ടജീവിയെന്നു വിളിക്കുന്നവര്‍ പിന്നീട് അരമനയില്‍ ചെന്ന് കാലുപിടിക്കുന്ന സാഹചര്യമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ ധ്രുവീകരണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ ചിന്നഭിന്നമായി കിടക്കുകയാണെന്നു ചടങ്ങില്‍ സംസാരിച്ച ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തിന്റെ മുന്നോടിയായി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് 23ന് ആരംഭിക്കുന്ന സമത്വമുന്നേറ്റ യാത്രയ്ക്ക് പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഡിജിപിക്ക് കത്തയച്ചു.
സമത്വമുന്നേറ്റ യാത്രയുടെ വിജയത്തിനായി കോഴിക്കോട്, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്നും യാത്രയുടെ സുഗമമായ നടത്തിപ്പിനു തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ചില രാഷ്ട്രീയ ശക്തികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it