kasaragod local

നായന്മാര്‍മൂലയില്‍ ടാങ്കര്‍ലോറി മറിഞ്ഞു; ഗതാഗതം നിലച്ചത് 15 മണിക്കൂറോളം

നായന്മാര്‍മൂല: മംഗളൂരുവില്‍ നിന്ന് പാചക വാതകവുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി നായന്മാര്‍മൂലയില്‍ മറിഞ്ഞത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് റോഡിന് കുറുകെ ടാങ്കര്‍ ലോറി മറിഞ്ഞത്. ഒരു മീന്‍ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞത്. ജനവാസകേന്ദ്രവും കേന്ദ്ര സര്‍വകലാശാല, കാര്‍ ഷോറും എന്നിവ ഉള്‍ക്കൊള്ളുന്ന ഈ സ്ഥലത്ത് അപകടം നടന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പലരും വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറി.

പിന്നീട് പോലിസും ഫയര്‍ഫോഴ്‌സും എത്തി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. ഗ്യാസ് ചോരുന്നുവെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് വിദഗ്ധര്‍സ്ഥലത്തെത്തി. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കാസര്‍കോട് നിന്ന് ദേശീയപാത വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുന്ന ബസ്സുകളും മറ്റും ആലംപാടി മിനി എസ്റ്റേറ്റ് വഴി തിരിച്ചുവിടുകയായിരുന്നു. കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ ചട്ടഞ്ചാലിലും പൊയിനാച്ചിയിലും യാത്ര അവസാനിപ്പിച്ചു. കാസര്‍കോട് നിന്ന് ചന്ദ്രഗിരി വഴി ബസ് ഗതാഗതം തിരിച്ചുവിട്ടെങ്കിലും ഈ റൂട്ടിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കേന്ദ്ര സര്‍വകലാശാലയുടെ വിദ്യാനഗര്‍ കാംപസ് അടക്കം നിരവധി സ്ഥാപനങ്ങളാണ് അപകടം നടന്ന സ്ഥലത്തുള്ളത്. പ്രദേശത്ത് നൂറുകണക്കിന് വീടുകളുമുണ്ട്. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് നായന്മാര്‍മൂല സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാന നഗരിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പുറപ്പെട്ടവര്‍ പാതിവഴിയിലായി. ഉപ്പിനങ്ങാടിയില്‍ നിന്ന് വിദഗ്ധരെത്തിയാണ് പരിശോധിച്ചാണ് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയത്. പിന്നീട് ഖലാസികളെത്തി ടാങ്കര്‍ രാത്രിയോടെ ഉയര്‍ത്തുകയായിരുന്നു. ജില്ലാ കലക്്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് സി.ഐ പി കെ സുധാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. നിരവധി പോലിസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. നാട്ടുകാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി.
Next Story

RELATED STORIES

Share it