നായനാര്‍ക്ക് ശേഷം കണ്ണൂരില്‍ നിന്ന് വീണ്ടും

നായനാര്‍ക്ക് ശേഷം കണ്ണൂരില്‍  നിന്ന് വീണ്ടും
X
nayanar CM

ഹനീഫ എടക്കാട്

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുമ്പോള്‍, അത് കണ്ണൂരിന് മറ്റൊരു നേട്ടം കൂടിയാവും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരും ജില്ലയില്‍ നിന്ന് ജനപ്രതിനിധിയായവരും കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പും പലതവണ മുഖ്യമന്ത്രിയായിട്ടുണ്ട്.
[related]ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയായ ഇഎംഎസ് വിജയിച്ചത് നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്നാണ്. 1957കളില്‍ നിലേശ്വരം കണ്ണൂരിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ആ ര്‍ ശങ്കര്‍ പദവിയിലെത്തുമ്പോള്‍ അദ്ദേഹം പ്രതിനിധീകരിച്ചത് കണ്ണൂര്‍ മണ്ഡലത്തെയാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി കണ്ടെത്തിയത് കെ കരുണാകരനെ. തിരഞ്ഞെടുക്കപ്പെട്ടത് തൃശൂര്‍ ജില്ലയില്‍ നിന്നാണെങ്കിലും അദ്ദേഹവും കണ്ണൂരുകാരനായിരുന്നു. ആദ്യ ടേമില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിനായില്ല. രാജന്റെ തിരോധാനത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. 1980ല്‍ ഇ കെ നായനാരിലൂടെയാണ് കണ്ണൂരിന് സ്വന്തം മുഖ്യമന്ത്രിയുണ്ടാവുന്നത്. പക്ഷേ, അദ്ദേഹം എംഎല്‍എയായത് പാലക്കാട് മലമ്പുഴ മണ്ഡലത്തില്‍ നിന്നായിരുന്നു. പിന്നീട് 1987ലും നായനാര്‍ മുഖ്യമന്ത്രിയായെങ്കിലും കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ വീണ്ടും നായനാര്‍ മുഖ്യമന്ത്രിയായത് തലശ്ശേരിയില്‍ നിന്ന് വിജയിച്ചാണ്.
1996ലെ പൊതുതിരഞ്ഞെടുപ്പില്‍ നായനാര്‍ മല്‍സരിച്ചിരുന്നില്ല. അധികാരത്തിലെത്തിയ എ ല്‍ഡിഎഫ്, നിയമസഭാംഗമല്ലാത്ത നായനാരെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് കെ പി മാമ്മുമാസ്റ്ററെ രാജിവയ്പിച്ച് മല്‍സരിച്ച് ജയിച്ചാണ് നായനാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.—ഇപ്പോള്‍ ധര്‍മടത്ത് നിന്ന് വിജയിച്ച പിണറായി വിജയനും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it