നാദാപുരത്ത് സമാധാനം പുലരാന്‍ മോഹവുമായി സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണവും ബോംബ് നിര്‍മാണവും ഒരുപോലെ അരങ്ങ് തകര്‍ക്കുന്ന നാദാപുരത്ത് സമാധാനം പുലര്‍ന്നുകാണാനുള്ള അദമ്യമായ ആഗ്രഹവുമായി സ്ഥാനാര്‍ഥികള്‍. ഇത് വെറും മോഹമല്ല; വാക്കിലും പ്രവൃത്തിയിലും സ്ഥാനാര്‍ഥികള്‍ ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായിരുന്നു 'സ്ഥാനാര്‍ഥികളുമായി മുഖാമുഖം' പരിപാടിയായ കേരള സഭയുടെ മുഖ്യ സംഘാടകന്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷിന്റെ വാക്കുകള്‍.
സാധാരണ സ്ഥാനാര്‍ഥികളെ മുഖാമുഖത്തിന് കിട്ടാന്‍ വളരെ പ്രയാസമാണ്. എന്നാല്‍, നാദാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ഇ കെ വിജയനെ വിളിച്ചപ്പോള്‍, ഐക്യമുന്നണി സ്ഥാനാര്‍ഥി അഡ്വ. പ്രവീണ്‍കുമാര്‍ തന്റെയടുത്തുണ്ടെന്നും അദ്ദേഹത്തോട് ചോദിച്ച് പറയാമെന്നുമായിരുന്നു മറുപടി. പ്രവീണ്‍കുമാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കിയതും വിജയനായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
നിര്‍മാണത്തിനിടെ ബോംബ് പൊട്ടി കല്ലാച്ചിക്കടുത്ത് തെരുവന്‍പറമ്പിലെ ഗവ. കോളജ് പരിസരത്ത് കിണമ്പറകുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും മുടവന്തേരിയില്‍ ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റത് ഈയടുത്താണ്. ബോംബ് നിര്‍മിക്കുന്നത് കച്ചവട ആവശ്യത്തിനാണെന്നു താന്‍ സംശയിക്കുന്നതായി സിപിഐക്കാരനായ എംഎല്‍എ അഭിപ്രായപ്പെട്ടു. എന്നാല്‍, കിണമ്പറകുന്നില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പാര്‍ട്ടിയാണ് അതിനു പിന്നിലുള്ളതെന്നതിന് തെളിവാണ് ഇതെന്നും ബിജെപി സ്ഥാനാര്‍ഥി എന്‍ പി രാജന്‍ പ്രതികരിച്ചു.
ഷിബിന്‍ വധത്തെതുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം പോലിസിന്റെ നിസ്സംഗതയാന്നെന്ന കാര്യത്തില്‍ എംഎല്‍എക്ക് രണ്ടഭിപ്രായമില്ല. ഐജി, എസ്പി ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരോട് നടപടി ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്തില്ലെന്നും പോലിസിന്റെ പരാജയമാണ് സംഭവം വഷളാക്കാനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. നാദാപുരത്ത് അക്രമം തടയാനാവാത്തത് സര്‍ക്കാരിന്റെ പരാജയമല്ലേയെന്ന ചോദ്യത്തിന് പാര്‍ട്ടി ഗ്രാമങ്ങളും ചാവേറുകളാവാന്‍ കുറച്ചുപേരുമുള്ള സ്ഥലത്തെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറികൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതികരണം.
നാദാപുരം മണ്ഡലത്തെ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കണമെന്ന് എല്‍ഡിഎഫ് - ബിജെപി സ്ഥാനാര്‍ഥികള്‍ ഒരു പോലെ ആവശ്യമുന്നയിച്ചു.
തന്റെ വികസന നേട്ടങ്ങളും ഫണ്ട് അനുവദിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനീതിയും വിജയന്‍ നിരത്തിയപ്പോള്‍ വികസനമുരടിപ്പും അശാന്തിയുമായിരുന്നു യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പറയാനുണ്ടായിരുന്നത്.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മോഡറേറ്ററായിരുന്നു. ജോയിന്റ് സെക്രട്ടറി കെ സി റിയാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it