നാണംകെട്ട സര്‍ക്കാരില്‍ പ്രതിപക്ഷനേതാവായി ഇരിക്കാന്‍ ലജ്ജയെന്ന് വിഎസ്

തിരുവനന്തപുരം: നാണംകെട്ട ഒരു മുഖ്യമന്ത്രിക്കെതിരായ സീറ്റില്‍ പ്രതിപക്ഷനേതാവായി ഇരിക്കുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി പ്രതിപക്ഷം ഗതികേടുകൊണ്ട് ഇവിടിരിക്കുകയാണ്. കേരളത്തിന്റെ പേര് ഇത്രയേറെ അപമാനിതമായ ഒരു കാലഘട്ടം ചരിത്രത്തിലുണ്ടായിട്ടില്ല.
മന്ത്രിമാരില്‍ ആരെക്കുറിച്ചാണ് ക്ലീന്‍ മന്ത്രി എന്നു പറയാവുന്നത്. മഷിയിട്ട് നോക്കിയാല്‍ പോലും വലിയ പ്രയാസമാണ്. ചിലപ്പോള്‍ ഒരു ജയലക്ഷ്മിയെങ്ങാനും കണ്ടാലായി. കോഴയില്‍ തെന്നി പാവം കെ എം മാണി ഒരുവഴിക്കായി. മാണിക്ക് പിന്നാലെ ബാബുവും പോയതാണ്. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായതുകൊണ്ട് ബാബുവിന് മന്ത്രിസഭയില്‍ തിരിച്ച് വരാന്‍ കഴിഞ്ഞു. ബാബുവിന്റെ നില സ്വസ്ഥമല്ല. വെന്റിലേറ്ററിലായിരുന്ന ബാബുവിനെ തല്‍ക്കാലം ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലേക്ക് മാറ്റിയെന്നു മാത്രം. നുണകള്‍ മാത്രം പറയുകയും നുണകളില്‍ ഉണ്ണുകയും നുണകളില്‍ ഉറങ്ങുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രി ലോകത്തെവിടെയെങ്കിലും കാണുമോ. നുണകള്‍ പറയുന്ന കാര്യത്തില്‍ നമ്മുടെ മുഖ്യമന്ത്രി എന്നേ 'ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍' സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇനി ആരു വിചാരിച്ചാലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡ് തകര്‍ക്കാന്‍ പറ്റില്ലെന്നും വിഎസ് പരിഹസിച്ചു.
കോടികള്‍ വാഗ്ദാനം ചെയ്ത് സിപിഎം ചിലരെക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയാണെന്ന എ കെ ആന്റണിയുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതാണെന്നും വി എസ് പറഞ്ഞു. സോളാര്‍ കുംഭകോണത്തിലും ബാര്‍ കോഴയിലും കൈക്കൂലി വാങ്ങിയത് സിപിഎമ്മുകാരാണെന്നാണ് ആന്റണിയുടെ ഈ പ്രസ്താവന കേട്ടാല്‍ തോന്നുക. ഇത്തരം അസംബന്ധങ്ങള്‍ പറഞ്ഞ് ആന്റണി ഇനിയും ചെറുതാവരുത്. ആദര്‍ശത്തിന്റെ പേരുപറഞ്ഞ് പണ്ട് കേന്ദ്രമന്ത്രിയുടെ കസേര ഉപേക്ഷിച്ച ആളാണ് ആന്റണി. ഇപ്പോള്‍ നുണകള്‍ മാത്രം പറഞ്ഞ് കസേര അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആന്റണിയുടെ വങ്കത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it