kasaragod local

നാട്ടുകൂട്ടായ്മയില്‍ അരയി സ്‌കൂളിലെ ഉച്ചയൂണ് വിഭവ സമൃദ്ധം

കാഞ്ഞങ്ങാട്: വിലക്കയറ്റം താങ്ങാനാവാതെ സ്‌കൂള്‍ ഉച്ചഭക്ഷണം പ്രതിസന്ധിയിലായ ഘട്ടത്തിലും അരയി ഗവ. യുപി സ്‌കൂളില്‍ ഇപ്പോഴും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. തിങ്കളാഴ്ച്ച സാമ്പാറും കൂട്ട്കറിയും അച്ചാറും വറവും വിളമ്പുമ്പോള്‍ ചൊവ്വാഴ്ച പുളിശ്ശേരിയോടൊപ്പം ഓലനും ഇലക്കറിയും മസാലക്കറിയും കൂടാതെ സ്‌പെഷ്യല്‍ വിഭവമായി ഗോതമ്പ് നുറുക്ക് പായസവും വിളമ്പും. ബുധനാഴ്ച മുട്ടക്കറിയാണ് സ്‌പെഷ്യല്‍. മാസത്തില്‍ ഒരിക്കല്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ട്. അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ അരംഭിച്ച സദ്യവട്ടം അവസാന ഘട്ടം വരെ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്ന് പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പറഞ്ഞു.
ജനപങ്കാളിത്തതോടെ ആരംഭിച്ച ഉച്ചയൂണ് കഴിഞ്ഞ വര്‍ഷം തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുട്ടികളുടെ വീടുകളില്‍ നിന്ന് നാടന്‍ വിഭങ്ങള്‍ യഥേഷ്ടം ലഭിക്കുന്നതാണ് വിജയത്തിന് പിന്നില്‍. വാഴകൃഷിയുടെ സീസണില്‍ നേത്രക്കായ, കൂമ്പ്, വാഴപ്പിണ്ടി എന്നിവ കൊണ്ട് വിവിധ കറികള്‍ ഉണ്ടാക്കാറുണ്ട്. പച്ചക്കറി വിളവെടുപ്പ് തുടങ്ങിയതോടെ വീടുകളില്‍ നിന്നും ധാരാളം പച്ചക്കറികള്‍ സ്‌കൂളിലെ പാചക ശാലയിലേക്ക് എത്തും.
ചേന, പപ്പായ, വിവിധതരം ചക്ക വിഭവങ്ങള്‍, കാച്ചില്‍, ചേമ്പ്, ഉപ്പിലിട്ട മാങ്ങ, കൊണ്ടാട്ടം, തേങ്ങ, വിവിധതരം ഇലകള്‍ തുടങ്ങി കുട്ടികള്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേകം രജിസ്റ്റര്‍ തന്നെയുണ്ട്. പക്ഷെ, ഒരു കാര്യം നിര്‍ബന്ധമുണ്ട്.
വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളല്ലാതെ കടയില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്ന ഒരു വിഭവവും സംഭാവനയായി സ്വീകരിക്കില്ല.
ഒരോ ദിവസത്തെയും മെനു ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കറികള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് തന്നെ തയ്യറാക്കാന്‍ നാലും അഞ്ചും കുട്ടികളുടെ അമ്മമാര്‍ മാസത്തിലൊരിക്കല്‍ സ്‌കൂളില്‍ എത്തും. കുട്ടികളുടെ ഭക്ഷണം രക്ഷിതാക്കള്‍ രുചിച്ച് നോക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അരയി സ്‌കൂളില്‍ അത് നടപ്പിലാക്കി കഴിഞ്ഞു.
Next Story

RELATED STORIES

Share it