Readers edit

നാട്ടില്‍ ദിനോസറുകള്‍ പെരുകുമ്പോള്‍

ബാബരി മസ്ജിദ് രക്തസാക്ഷിയായിട്ട് 23 വര്‍ഷം തികഞ്ഞിരിക്കുന്നു. അസഹിഷ്ണുതയും ഹിംസയും ഉച്ചനീചത്വങ്ങളും നിറഞ്ഞ ഒരു രാഷ്ട്രസങ്കല്‍പത്തിന്റെ കൊടി തല്‍സ്ഥാനത്ത് ഉയര്‍ത്തപ്പെട്ടു. ഇന്ത്യയില്‍ ശക്തിപ്പെട്ടുവരുന്ന ഫാഷിസത്തിന്റെ ഏറ്റവും നഗ്നമായ പ്രകടനമായിരുന്നു 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ നടന്നത്. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തില്‍ എക്കാലവും നിര്‍ണായക ശക്തിയായിരുന്ന മുസ്‌ലിം സമൂഹത്തോട് അധീശവര്‍ണക്കാര്‍ക്കുള്ള വിരോധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ദുഷ്പ്രചാരണങ്ങളിലൂടെ മുസ്‌ലിം വിരോധത്തിന്റെ ഒരു പ്രത്യയശാസ്ത്രം രൂപീകരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍.
അന്യജനവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ കൈവശപ്പെടുത്തുക എന്നത് എക്കാലത്തെയും അധീശവര്‍ണത്തിന്റെ ധര്‍മമായിരുന്നു. വൈദിക ചൂഷണത്തിനെതിരേ ശബ്ദമുയര്‍ത്തിയതിനാല്‍ ദക്ഷിണേന്ത്യയിലെ വലിയൊരു ജനവിഭാഗത്തെ ആകര്‍ഷിച്ച ബുദ്ധിസവും അതിന്റെ കൂറ്റന്‍ വിഹാരങ്ങളും ഇന്നെവിടെയാണ്? വൈദിക അനീതിക്കെതിരേ നീതിയുടെ പ്രഖ്യാപനവുമായി വന്ന വര്‍ധമാന മഹാവീരന്റെ ജൈനപരമ്പരയും ആരാധനാമന്ദിരങ്ങളും ഇന്നെവിടെ? അവയൊക്കെയും പില്‍ക്കാലത്ത് ക്ഷേത്രങ്ങളായി മാറ്റപ്പെട്ടു. ഈ ഉന്മൂലനപ്രക്രിയയുടെ മിന്നലാട്ടങ്ങളാണ് ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നിലും ഒളിഞ്ഞിരിക്കുന്നത്.
മസ്ജിദ് പൊളിച്ചവര്‍ മാത്രമല്ല, അവര്‍ക്ക് ഉത്തേജനം നല്‍കിയവരൊക്കെത്തന്നെ കുറ്റവാളികളാണ്. ഡോ. അംബേദ്കറുടെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 6 തന്നെ തങ്ങളുടെ ഒരു ദുഷ്‌കൃത്യത്തിനായി സംഘപരിവാരം തിരഞ്ഞെടുക്കുകയായിരുന്നു. 40കളുടെ അവസാനത്തില്‍ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്കു വെടിയുതിര്‍ത്ത ഒരു വിഭാഗത്തില്‍ നിന്നു പ്രതീക്ഷിച്ചതായിരുന്നു അത്. അവരെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കടുത്ത ഭീഷണിയായിരുന്നു.
ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഫാഷിസം അധികാരമേറുക. നരേന്ദ്ര മോദി ഭരണഘടനാ തത്ത്വങ്ങളെപ്പറ്റി പ്രസംഗിക്കുന്നതില്‍ കാപട്യമാണുള്ളത്. നമ്മുടെ ഭരണഘടന രാഷ്ട്രീയ-ധാര്‍മിക-സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താനും നിയമവാഴ്ച ഉറപ്പിക്കാനുമായിരുന്നു. സര്‍വോപരി, മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും വേണ്ടിയായിരുന്നു.
സംഘപരിവാരം രാജ്യത്തിന്റെ സെക്കുലര്‍ സത്തയെയാണ് ത്രിശൂലം കൊണ്ട് കുത്തിയത്. കര്‍സേവകര്‍ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യക്കുള്ള അന്തസ്സിനെയാണ് പിക്കാസു കൊണ്ട് ഇടിച്ചുതകര്‍ത്തത്. ബാബരി മസ്ജിദിന്റെ മകുടങ്ങള്‍ മാത്രമല്ല താഴെ വീണത്, നിയമവാഴ്ചയെ സംബന്ധിച്ച ജനാധിപത്യ മര്യാദകള്‍ കൂടിയാണ്. ഇവിടെ മാനഭംഗം ചെയ്യപ്പെട്ടത് ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യം മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ അഭിമാനം കൂടിയാണ്. ഒരു രാഷ്ട്രം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പിന് അനിവാര്യമായ സര്‍വജനമൈത്രിക്കെതിരേയാണ് ഹിന്ദുരാഷ്ട്രവാദികള്‍ പടയോട്ടം നടത്തിയത്.
ജര്‍മന്‍-ഇറ്റാലിയന്‍ ഫാഷിസത്തിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും ഇന്ത്യന്‍ ഫാഷിസം പകര്‍ത്തി. അതോടൊപ്പം സാധാരണ ഹിന്ദുക്കളെ ആശയക്കുഴപ്പത്തിലാക്കുംവിധം മതചിഹ്നങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസം കൂടുതല്‍ ജനാധിപത്യവിരുദ്ധമാകുന്നത്.
ദിനോസറുകളെപ്പോലെയാണ് ഫാഷിസം പ്രവര്‍ത്തിക്കുന്നത്. അവ ജനായത്തവുമായി ഏറ്റുമുട്ടുമ്പോള്‍ അസന്തുലിത സംഘര്‍ഷമുണ്ടാകുന്നു. ഗാന്ധിവധവും ബാബരി ധ്വംസനവും സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് വംശഹത്യയും ദിനോസറുകള്‍ പെരുകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.
Next Story

RELATED STORIES

Share it