Alappuzha local

നാട്ടാന പരിപാലനം നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

ആലപ്പുഴ: ഉല്‍സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന നാട്ടാനകളെ പരിപാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും നാട്ടാന പരിപാലന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന നാട്ടാന പരിപാലന ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പോലിസിനും നിലവിലുള്ള വന്യജീവി സംരക്ഷണനിയമം, മൃഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുടെ പരിധിക്കുള്ളില്‍ നിന്ന് കര്‍ശന നടപടിയെടുക്കാന്‍ കഴിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആനയെ ഉടമസ്ഥന്‍ പലപ്പോഴും ഉല്‍സവസീസണില്‍ പാട്ടത്തിനു നല്‍കുന്ന പ്രവണതയാണ് കാണുന്നത്. പാട്ടത്തിന് എടുക്കുന്നവര്‍ ലാഭത്തിനായി ആനയെ പരമാവധി ഉപയോഗിക്കുകയാണ്. ഇത് നിയമവിരുദ്ധമാണ്. ശരിയായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും രേഖകളും എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് ഉണ്ട് എന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഉല്‍സവകമ്മിറ്റി ഭാരവാഹികള്‍ക്കുണ്ട്. ഉല്‍സവത്തിന് ആനയെ എഴുന്നള്ളിക്കുന്ന വിവരം തൊട്ടടുത്ത റേഞ്ച് ഓഫീസിലും പൊലീസ് സ്‌റ്റേഷനിലും 72 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും അറിയിച്ചിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ആനയെ കഠിനമായ ചൂടിലും നട്ടുച്ചയ്ക്കും ആവശ്യമായ വെള്ളമോ വിശ്രമമോ സുരക്ഷിതത്വമോ ഉറപ്പാക്കാതെ വാഹനങ്ങളില്‍ കൊണ്ടുപോവുക, ടാര്‍ റോഡിലൂടെ നട്ടുച്ചയ്ക്ക് ആനയെ നടത്തിക്കൊണ്ടുപോവുക തുടങ്ങിയവ കണ്ടാല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഇതുസംബന്ധിച്ച യോഗതീരുമാനം ജില്ലാ പോലിസ് മേധാവിയെ അറിയിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഉല്‍സവങ്ങളുടെ ലിസ്റ്റ് തഹസീല്‍ദാര്‍മാരില്‍ നിന്ന് സ്വീകരിച്ചുവരുന്നതായി യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി ആര്‍ ജയകൃഷ്ണന്‍, പാപ്പാന്‍മാരുടെ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it