Pathanamthitta local

നാടോടികള്‍ മല്‍സ്യബന്ധനത്തിന് നദികളില്‍ വിഷം കലര്‍ത്തുന്നെന്ന്

പത്തനംതിട്ട: നാടോടി സംഘങ്ങള്‍ മല്‍സ്യ ബന്ധനത്തിനായി വിഷം കലര്‍ത്തി നദീജലം മലിനമാക്കുന്നതായി പരാതി. കടുത്ത വേനലില്‍ അച്ചന്‍കോവില്‍, പമ്പാനദികളിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയിട്ടുള്ള നാടോടിസംഘങ്ങള്‍ നദിയുടെ ആഴമുള്ള ഭാഗങ്ങളില്‍ വിഷാംശം കലര്‍ത്തി മല്‍സ്യം പിടിക്കുന്നത്.
ഇവരില്‍ ഏറെയും ആന്ധ്രയില്‍ നിന്നുള്ളവരാണ്. വേനല്‍ക്കാലമാകുന്നതോടെ പമ്പാനദിയിലെ ജലനിരപ്പ് ഭീതിജനകമായി താഴുകയും മല്‍സ്യങ്ങള്‍ ആഴമുള്ള ഭാഗങ്ങളിലേക്ക് കൂട്ടത്തോടെ എത്തിച്ചേരുകയും ചെയ്യും. ഈ സാഹചര്യം ഉപയോഗിച്ചാണ് നാടോടികളുടെ മീന്‍ പിടുത്തം. നദിയുടെ ആഴമുള്ള ഭാഗങ്ങളില്‍ വിഷം കലര്‍ത്തിയ ശേഷം വട്ടവള്ളങ്ങളിലും മറ്റും തുഴഞ്ഞെത്തുന്ന സംഘം മല്‍സ്യ സമ്പത്ത് കൂട്ടത്തോടെ കോരിമാറ്റുകയാണ്.
ത്രിതല പഞ്ചായത്തുകളും ഫിഷറീസ് വകുപ്പും വര്‍ഷകാലത്തിടുന്ന മല്‍സ്യകുഞ്ഞുങ്ങള്‍ വലുതാകുന്നതിന് മുമ്പ് തന്നെ വിഷപ്രയോഗത്തിലൂടെ പിടിച്ചുമാറ്റപ്പെടുന്നതോടെ പമ്പ മല്‍സ്യമില്ലാത്ത നദിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മല്‍സ്യ ബന്ധനത്തിനായി വിഷം കലര്‍ത്തുന്നത് നദിയെ ആശ്രയിച്ച് ജില്ലയിലുള്ള ഒരു ഡസനിലധികം കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. ഇവിടെ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവച്ചേക്കാം. നദിയില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അലര്‍ജി രോഗങ്ങളും ഉണ്ടാവുന്നതായി ആരോഗ്യവകുപ്പും സാക്ഷ്യപ്പെടുത്തുന്നു.
വിഷം ഉപയോഗിച്ചുകൊണ്ടുള്ള മല്‍സ്യബന്ധനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടികളെടുക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും ജനം ഉയര്‍ത്തുന്നുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയും നദിയുടെ ജീവവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതുമായ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it