kasaragod local

നാടെങ്ങും നബിദിനം ആഘോഷിച്ചു

കാസര്‍കോട്: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാം ജന്മദിനം ഭക്തിനിര്‍ഭരമായ പരിപാടികളോടെ വിശ്വാസികള്‍ കൊണ്ടാടി. മദ്‌റസ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നബിദിന റാലി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാമല്‍സരങ്ങളും അരങ്ങേറി. നബിദിന ഘോഷയാത്രക്ക് ദഫ്, കോല്‍ക്കളി എന്നിവ മാറ്റുകൂട്ടി. വിവിധ സ്ഥലങ്ങളില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ പതിയായിരങ്ങലാണ് അണിനിരന്നത്. പലയിടങ്ങളിലും മധുരപാനീയങ്ങളും ഭക്ഷണങ്ങളും വിതരണം ചെയ്തു.
പള്ളികള്‍ കേന്ദ്രീകരിച്ച് മൗലീദ് പാരായണവും നടന്നു. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് പരിസരത്തേക്ക് വിവിധ മദ്‌റസകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഘോഷയാത്രയായെത്തി സിയാറത്ത് നടത്തി. നെല്ലിക്കുന്ന് ജമാഅത്തിന്റെ കീഴില്‍ നിരവധി പേര്‍ അണിനിരന്ന നബിദിന ഘോഷയാത്ര നഗരം ചുറ്റി നെല്ലിക്കുന്നില്‍ സമാപിച്ചു.
തെരുവത്ത്, ഖാസിലേന്‍, അണങ്കൂര്‍, വിദ്യാനഗര്‍, നായന്മാര്‍മൂല, ചെങ്കള, ചെര്‍ക്കള, പൊവ്വല്‍, ബോവിക്കാനം, ബാവിക്കര, ആദൂര്‍, മുള്ളേരിയ, അടുക്കത്തുബയല്‍, ചൗക്കി, എരിയാല്‍, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ആരിക്കാടി, ബന്തിയോട്, ഉപ്പള, മഞ്ചേശ്വരം, ബദിയടുക്ക, പെര്‍ള, ചെമനാട്, മേല്‍പറമ്പ്, കളനാട്, ബേക്കല്‍, പള്ളിക്കര, മാണിക്കോത്ത്, കാഞ്ഞങ്ങാട്, പടന്നക്കാട്, ചട്ടഞ്ചാല്‍, പൊയിനാച്ചി, നീലേശ്വരം, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും വര്‍ണാഭമായ നബിദിന ഘോഷയാത്ര നടന്നു. ദേളി സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നബിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു.
മഞ്ചേശ്വരം: ഉദ്യാവറില്‍ 12 മദ്‌റസകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും മുതിര്‍ന്നവരും അണിനിരന്ന ഘോഷയാത്ര വര്‍ണപകിട്ടേകി. ജാതിമത ഭേദമന്യേ സഹൃദയം പങ്കിട്ടു. ജമാഅത്ത് പ്രസിഡന്റ് അതാഉള്ള തങ്ങള്‍ പതാക ഉയര്‍ത്തി. ജമാഅത്ത് സെക്രട്ടറി ഖാദര്‍ ഫാറൂഖ്, സൈഫുല്ല തങ്ങള്‍, എസ് എം ബഷീര്‍, അബ്ദുല്ല, ഇബ്രാഹിം ഹാജി നേതൃത്വം നല്‍കി.
ദേളി: ജാമിഅ സഅദിയ്യയുടെ കീഴിലുള്ള ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ഥികളുടെ ഇശ്‌കേ മദീന ഫെസ്റ്റിന് തുടക്കമായി. എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസ്സന്‍ തങ്ങള്‍ ദേളി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഫാസില്‍ സഅദി മലപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്തഫ മലപ്പുറം,അഷ്‌റഫ് എന്‍ കെ ദേളി, മുഹമ്മദ് ജീലാനി കോട്ട, അസ്‌ലം കോട്ട, ബഷീര്‍ കോട്ട, അബ്ദുല്ല സഅദി ചീയൂര്‍, സലാഹുദ്ദീന്‍ അയ്യൂബി, ഹമീദ് സഅദി കക്കിഞ്ച, സുലൈമാന്‍ വയനാട്, നാഗേഷ് മാസ്റ്റര്‍, ഉസ്മാന്‍ സഅദി സംസാരിച്ചു.
Next Story

RELATED STORIES

Share it