Gulf

നാടു കടത്തപ്പെട്ടവര്‍ക്ക് ഒരു ഗള്‍ഫ് രാജ്യത്തും പ്രവേശിക്കാനാവില്ല

ദോഹ: ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്ത് നിന്ന് സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുകയോ തൊഴില്‍ നിയമം ലംഘിച്ചതിന് കോടതിയുടെ ശിക്ഷാ നടപടിക്ക് വിധേയനാവുകയോ ചെയ്തവര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവേശിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
ജിസിസി സെക്രട്ടറി ജനറലിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ളതാണ് ഈ നടപടി. ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്ത് തൊഴില്‍ നിയമം ലംഘിക്കുന്നത് മറ്റ് അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ലംഘിച്ചതിന് തുല്യമായി കണക്കാക്കാനുള്ള ജിസിസി സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
ജിസിസി രാജ്യങ്ങളില്‍ നിന്ന് നാട് കടത്തപ്പെട്ട എല്ലാവര്‍ക്കും ജിസിസി സെക്രട്ടറി ജനലറിന്റെ സര്‍ക്കുലര്‍ ബാധകമാവുമെന്ന് അല്‍അറബ് പത്രം റിപോര്‍ട്ട് ചെയ്തു. തൊഴിലാളികള്‍ ഒളിച്ചോടുന്നത് കുറയ്ക്കാനും തൊഴില്‍ വിപണിയെ സ്ഥിരപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പത്രം അഭിപ്രായപ്പെട്ടു.
ഇത്തരത്തില്‍ നിയമ നടപടികള്‍ക്ക് വിധേയരാവുന്നവരുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു. നേരത്തേയുണ്ടായിരുന്ന രാജ്യത്ത് എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടെത്തുന്നതിനും പ്രവേശനം നിഷേധിക്കുന്നതിനുമായിരുന്നു ഇത്. നാടുകടത്തുന്നവരുടെ വിരലടയാളം മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി പങ്കു വയ്ക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
അതേ സമയം, മയക്കു മരുന്ന കേസുകളില്‍ മാത്രമാണ് ഏക പക്ഷീയമായ ജിസിസി നിരോധനം ഏര്‍പ്പെടുത്തുകയെന്നും മറ്റുള്ളവയില്‍ ഓരോ കേസും പരിശോധിച്ച ശേഷമായിരിക്കും നിരോധനമെന്നും നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു.
Next Story

RELATED STORIES

Share it