നാടുകാണി ചുരത്തിലെ രാത്രി ഗതാഗതം നിരോധിക്കാന്‍ ആലോചന

റസാഖ് മഞ്ചേരി

മലപ്പുറം: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ നാടുകാണി ചുരത്തിലെ രാത്രി ഗതാഗതം നിരോധിക്കാന്‍ ആലോചന. തിരഞ്ഞെടുപ്പിനു ശേഷം ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും. മെയ് മാസത്തോടെ രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.നിരോധന നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നേക്കുമെന്നാണു സൂചന. ബന്ദിപ്പൂര്‍ ദേശീയോദ്യാനം വഴി കര്‍ണാടകയിലേക്കുള്ള ഗതാഗതം രാത്രിയില്‍ നിരോധിച്ചതിന്റെ ചുവടുപിടിച്ചാണ് നാടുകാണി ചുരത്തിലെ ഗതാഗതവും നിരോധിക്കാന്‍ നീക്കം നടക്കുന്നത്. ആന, കടുവ, പുലി അടക്കമുള്ള ജീവികളുടെ സൈ്വരവിഹാരത്തിന് ഭംഗം വരാതിരിക്കാനാണ് രാത്രി ഗതാഗതം നിരോധിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ -കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്ന് രാത്രി വനത്തിലേക്ക് വാഹനങ്ങള്‍ക്കു പ്രവേശനാനുമതി ഇല്ല. മുത്തങ്ങ വഴിയും രാത്രി ഗതാഗതം സാധ്യമല്ല.ആനത്താരകളും ഇടനാഴികളും ധാരാളമായി ഉള്ള നാടുകാണി ചുരത്തില്‍ പകല്‍ സമയത്തു പോലും ഇപ്പോള്‍ ആനകള്‍ റോഡിലിറങ്ങുക പതിവാണ്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലെ അനിയന്ത്രിതമായ ഇടപെടല്‍ ചാലിയാറിലെ നീരൊഴുക്കു കുറയുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്നതിനും ഇടയാക്കുമെന്നാണ് ഗാഡ്ഗില്‍ റിപോര്‍ട്ടിലടക്കം സൂചിപ്പിക്കുന്നത്. ബന്ദിപ്പൂര്‍ വനത്തില്‍ രണ്ടു കടുവകള്‍ നേരത്തെ വാഹനം ഇടിച്ചു ചത്തരുന്നു. പലപ്പോഴും ചെറുജീവികള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. രാത്രികാലങ്ങളില്‍ റോഡിലിറങ്ങുന്ന മൃഗങ്ങള്‍ക്കു ശല്യമില്ലാതാക്കിയാല്‍ അവ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും ഒരു പരിധിവരെ തടയാനാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, രാത്രി ഗതാഗത നിരോധനം കേരളത്തിലേ—ക്കുള്ള പഴം, പച്ചക്കറി വരവിനെ ബാധിച്ചേക്കുമെന്നും വാദമുണ്ട്. എന്നാല്‍, ബന്ദിപ്പൂര്‍ പാത അടഞ്ഞുകിടക്കുന്നതിനാല്‍ ഊട്ടി ഭാഗത്തുനിന്നുവരുന്ന ടൂറിസ്റ്റ് വാഹനങ്ങളും ഏതാനും ചരക്കു വാഹനങ്ങളും മാത്രമേ രാത്രികാലങ്ങളില്‍ നാടുകാണി ചുരം വഴി സഞ്ചരിക്കാറുള്ളൂ. അതിനാല്‍ കൂടുതല്‍ പ്രയാസം ഉണ്ടാവാനിടയില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. എന്നാല്‍, രാത്രി ഗതാഗതം നിരോധിക്കുന്നത് പകല്‍സമയങ്ങളില്‍ ചുരത്തിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാവുന്നതിന് കൂടുതല്‍ വഴിവയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചുരം റോഡ് രാത്രി അടച്ചെങ്കിലേ പരിസ്ഥിതി കൂടുതല്‍ അപകടമില്ലാതെ വരുംതലമുറയ്ക്കുവേണ്ടി സംരക്ഷിക്കാനാവൂ എന്ന് നിലമ്പൂര്‍ പ്രകൃതിപഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് തേജസിനോട് പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് നിലമ്പൂര്‍ മേഖലയിലെ പ്രധാന പ്രതിസന്ധിയെന്നാണ് റിട്ടയേഡ് റേഞ്ച് ഓഫിസര്‍ സലാം പറയുന്നത്.
Next Story

RELATED STORIES

Share it