Malappuram

നാടുകാണിച്ചുരത്തിലുണ്ടായ തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു

എടക്കര: മലയിടിച്ചിലിനെത്തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയായ നാടുകാണിച്ചുരത്തിലുണ്ടായ തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് വണ്‍വേ രീതിയില്‍ ഗതാഗതം പുനസ്ഥാപിച്ചത്. ബുധനാഴ്ച ൈവകീട്ട് അഞ്ച് മണിയോടെ ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിക്ക് മൂന്ന് കിലോമീറ്റര്‍ താഴെ മുതല്‍ മലയിടിഞ്ഞും, വന്‍മരങ്ങള്‍ പതിച്ചും ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. ആനമറി ഒന്നാം വളവിന് മൂന്ന് കിലോമീറ്റര്‍ മുകളില്‍ വരെ നിരവധിയിടങ്ങളില്‍ മലയിടിച്ചിലുണ്ടായി. ഗൂഢല്ലൂരില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സടക്കം നിരവധി വാഹനങ്ങളും യാത്രക്കാരും രാത്രിമുഴുവന്‍ ചുരത്തില്‍ കുടുങ്ങിയിരുന്നു.

കെ.എസ്.ആര്‍.ടി.സി. ബസ്സിന് മുകളിലേക്കും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ഗൂഢല്ലൂര്‍ സ്വദേശിയുടെ ഇന്നോവ കാറിന് മുകളിലേക്കും മരങ്ങള്‍ വീണെങ്കിലും ആരും പരിക്കേല്‍ക്കാരെ രക്ഷപ്പെട്ടു. വൈകീട്ട് ഏഴ് മണിയോടെയാണ് മലയിടിച്ചില്‍ രൂക്ഷമായത്. ഈ സമയം ചുരത്തില്‍ അകപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഭയചകിതരായി. പലരും വാഹനങ്ങളില്‍ നിന്നുമിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ തമിഴ്‌നാട് അഗ്നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രാത്രി വളരെ വൈകിയും കേരളത്തിന്റെ ഭാഗത്ത് റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റിയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയും ഇവര്‍ മാതൃകയായി.

സംസ്ഥാന പോലിസ്, വനം, സേനകള്‍ രാത്രി ചുരത്തിലെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നേരം പുലര്‍ന്നാണ് കേരള ഭാഗത്ത് തടസ്സങ്ങള്‍ നീക്കാന്‍ ആരംഭിച്ചത്. മൂന്ന് എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണ് റോഡില്‍ നിറഞ്ഞുകിടന്ന മണ്ണും വന്‍പാറകളും മരങ്ങളും നീക്കം ചെയ്തത്. ഇതിനിടയിലും നിരവധി യാത്രക്കാര്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വളരെ സാഹസപ്പെട്ട് പോയിരുന്നു. പൊതുമരാമത്ത് വകുപ്പ് കരാറുകാരനാണ് തടസ്സങ്ങള്‍ നീക്കുന്നതിന് നേതൃത്വം നല്‍കിയത്. രാവിലെ ഒന്‍പത് മണിയോടെയാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിയത്. എടക്കര, മൂത്തേടം പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ നടക്കുന്നതിനാല്‍ കേരള പോലിസിന്റെ സേവനംപോലും ചുരത്തില്‍ കാര്യക്ഷമമായില്ല.
Next Story

RELATED STORIES

Share it