malappuram local

നാടും നഗരവും വിയര്‍ക്കുന്നു; ഭീതിപടര്‍ത്തി വരള്‍ച്ച

പൊന്നാനി: കടുത്ത ചൂടില്‍ നാടും നഗരവും വിയര്‍ത്തൊലിക്കുന്നു. ഭൂഗര്‍ഭ ജലവിതാനവും ജലാശയങ്ങളിലെ ജലനിരപ്പും കുത്തനെ താഴ്ന്നതോടെ വരള്‍ച്ചാ ഭീതിയും ഏറി. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രൂക്ഷമായ തോതിലാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും രണ്ടുമുതല്‍ 6 മീറ്റര്‍ വരെ കുറവാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് 6 മിറ്ററോളം ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവ് കണ്ടെത്തിയിട്ടുള്ളത്. 6 മിറ്റര്‍ വരെ ജലനിരപ്പില്‍ താഴ്ചയുണ്ടായത് കഴിഞ്ഞ കുറെ കാലങ്ങള്‍ക്കിടെ ഇതാദ്യമാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ മൊത്തം ബ്ലോക്കുകളില്‍ 98 ഇടത്തും കഴിഞ്ഞ കുറെ വര്‍ഷത്തേക്കാള്‍ കുറവ് ജലവിതാനമണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലൊഴിച്ച് മറ്റിടങ്ങളില്‍ ഭൂഗര്‍ഭജലവിതാനത്തില്‍ രേഖപ്പെടുത്തപ്പെട്ട മാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. മലപ്പുറം ജില്ലയില്‍ രണ്ട് ബ്ലോക്കുകളില്‍ മാത്രമാണ് ജലവിതാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ആറു ബ്ലോക്കുകളില്‍ ആറ് മീറ്റര്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അഞ്ചും, കൊല്ലത്ത് നാലും, കോട്ടയം, തൃശൂര്‍, എറണാംകുളം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതം ബ്ലോക്കുകളിലും അഞ്ചിനും ആറിനും മീറ്റര്‍ വിത്യാസത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്തെ 151 ബ്ലോക്കുകളില്‍ മൂന്നിടത്ത് ഗുരുതരമായ രീതിയിലാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവുള്ളത്.
കാസര്‍ഗോഡ്, കൊടുങ്ങല്ലൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ കടുത്ത ജലക്ഷാമത്തിന് ആക്കംകൂട്ടുന്ന തരത്തിലാണ് ജലവിതാനം കുറയുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൊത്തം ബ്ലോക്കുകളില്‍ 33 ഇടങ്ങളില്‍ നേരത്തേയുള്ള ജലവിതാനത്തേക്കാള്‍ 70 ശതമാനം കുറവാണ്. സംസ്ഥാനത്തെ പുഴകളിലും കിണറുകളിലും മറ്റു ജലസംഭരണികളിലും കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറഞ്ഞു വരികയാണ്. ഭാരതപ്പുഴയുള്‍പ്പെടെ സംസ്ഥാനത്തെ നാല് പ്രധാന നദികളിലും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കുന്തിപ്പുഴയുടെ പല കൈവഴികളും വറ്റിയ നിലയിലാണ്. തടയണകളും റെഗുലേറ്ററുകളും അടച്ചിട്ടതുകൊണ്ടുമാത്രം പുഴയില്‍ അല്‍പ്പമെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ജലലഭ്യത ഏറെയുള്ള പ്രദേശങ്ങളില്‍ പോലും കിണറിലെ ജലനിരപ്പില്‍ നാലടി വരെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു.
Next Story

RELATED STORIES

Share it