നാടും നഗരവും ഇളക്കിമറിച്ച് പ്രചാരണം ടോപ്ഗിയറില്‍

എച്ച്  സുധീര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനലാപ്പിലേക്കു കടന്നതോടെ വോട്ടര്‍മാരുടെ മനസ്സു കീഴടക്കാനുള്ള ക ഠിനപ്രയത്‌നത്തിലാണ് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും. ഇതിനായി വ്യത്യസ്തവും ആകര്‍ഷകവുമായ പ്രചാരണമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നാടും നഗരവും ഇളക്കിമറിക്കുകയാണിവര്‍. വോട്ടെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ വിവിധ തരത്തിലുള്ള കലാരൂപങ്ങളുമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസന നേട്ടങ്ങളും കോട്ടങ്ങളുമൊക്കെ വോട്ടര്‍മാരുടെ മുന്നില്‍ നിരത്തുകയാണ് പാര്‍ട്ടികള്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളും മറ്റു പാര്‍ട്ടികളും ഇതിനായി സാംസ്‌കാരിക, കല, ചലച്ചിത്ര, നാടക മേഖലയില്‍ നിന്നുള്ള നിരവധി കലാകാരന്മരെയും രംഗത്തിറക്കി. ഗാനമേള, ചാക്യാര്‍കൂത്ത്, തെരുവു നാടകം, കവിത, സ്‌കിറ്റ്, പാരഡിഗാനങ്ങള്‍, മിമിക്രി, മാജിക് തുടങ്ങി ന്യൂജനറേഷന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഫഌഷ്‌മോബും പയറ്റുന്നു. ഒപ്പം കലാജാഥകളും സജീവം. അന്തിമഘട്ടത്തില്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന കേന്ദ്രനേതാക്കള്‍ക്കൊപ്പം കളംനിറയുന്നത് സിനിമാപ്രവര്‍ത്തകരും കലാകാരന്‍മാരുമാണ്. സിനിമാ താരങ്ങളായ മുകേഷ്, ജഗദീഷ്, ഗണേഷ്‌കുമാര്‍, ഭീമന്‍ രഘു, രാജസേനന്‍ തുടങ്ങിയവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സിനിമ, സീരിയ ല്‍ താരങ്ങളും കലാകാരന്‍മാരും പ്രചാരണരംഗത്തു സജീവമാണ്. ജയറാം, ജയരാജ് വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, കവിയൂര്‍ പൊന്നമ്മ, പ്രവീണ, ഷീല, രഞ്ജിത്ത്, മധുപാല്‍, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത, ജാസി ഗിഫ്റ്റ്, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, വി കെ ശ്രീരാമന്‍, പി ശ്രീകുമാര്‍, എംപിമാരായ സുരേഷ് ഗോപി, ഇന്നസെന്റ് തുടങ്ങിയ താരങ്ങളും സംവിധായകരായ എം എ നിഷാദ്, ആഷിഖ് അബു, കമല്‍, പ്രിയനന്ദന്‍, ടിവി- സീരിയല്‍ താരങ്ങളായ അക്ഷര കിഷോര്‍, കിഷോര്‍ സത്യ, കന്യ, കാലടി ഓമന, ഗായത്രി, കൊല്ലം യമുന തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ചു രംഗത്തുണ്ട്.  നെടുമങ്ങാട് മണ്ഡലത്തിന്റെ തെരുവുകളില്‍ വാസൂട്ടിയും വലത്തേക്ക്’എന്ന തെരുവുനാടകവുമായി സജീവമാണ് ഒരുകൂട്ടം കലാകാരന്‍മാര്‍. കെപിസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാരസാഹിതിയുടെ ചെയര്‍മാനും സ്ഥാനാര്‍ഥിയുമായ പാലോട് രവിയുടെ പ്രചാരണത്തിനാണ് ഈ നാടകം ഒരുക്കിയത്. കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിനായി സിനിമാ താരങ്ങളായ സുരാജ് വെഞ്ഞാറമൂടും രമേശ് പിഷാരടിയുമാണ് വോട്ടഭ്യര്‍ഥിച്ച് എത്തിയത്. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ചാക്യാര്‍കൂത്ത് അവതരിപ്പിച്ചാണ് ബിജെപി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നത്. കളമശ്ശേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനാണ് നടന്‍ ജയറാം എത്തിയത്. കോന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ എതിരാളി എല്‍ഡിഎഫിലെ സനല്‍കുമാറിനായി കരോക്കെ ഗാനമേള നടത്തിയാണ് പ്രചാരണം. നെടുമങ്ങാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരനെ വോട്ടഭ്യര്‍ഥിച്ച് കവികളും രംഗത്തുണ്ട്. മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനും കവി കുരീപ്പുഴ ശ്രീകുമാറും ധര്‍മടം മണ്ഡലത്തില്‍ പിണറായിയെ പിന്തുണച്ചെത്തി. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസിന്റെ പ്രചാരണത്തിനായി സ്‌കിറ്റും ഫഌഷ്‌മോബുമാണ് അവതരിപ്പിക്കുന്നത്. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാനും എല്‍ഡിഎഫിനായി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. എല്‍ഡിഎഫിന്റെ പ്രചാരണവേദികളില്‍ വോട്ടഭ്യര്‍ഥിച്ച് മജീഷ്യന്‍മാരും സജീവമാണ്. മലപ്പുറത്തെ മണ്ഡലങ്ങളില്‍ കപടന്മാരെ കല്ലെറിയുക എന്ന തെരുവുനാടകവുമായി നടനം കലാവേദിയുടെ ബാനറില്‍ ഗ്രീന്‍വാ ലി കാംപസ് വിദ്യാര്‍ഥികള്‍ എ സ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ക്കു വേണ്ടി സജീവമാണ്.ഇത്തരത്തില്‍ വിവിധങ്ങളായ കലാപരിപാടികളാണ് ഓരോ മണ്ഡലത്തിലും നടക്കുന്നത്. ഇതിനെല്ലാം പുറമേ, പാരഡി ഗാനങ്ങളാണ് പ്രചാരണരംഗത്തെ ഹീറോ. 140 മണ്ഡലങ്ങളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ മണ്ഡലത്തിലെ നേട്ടങ്ങളും കോട്ടങ്ങളും വിവരിച്ചും സ്ഥാനാര്‍ഥികളെ ആവോളം പുകഴ്ത്തിയും പാരഡി ഗാനങ്ങളുമായി പ്രചാരണവാഹനങ്ങള്‍ പായുകയാണ്.
Next Story

RELATED STORIES

Share it