malappuram local

നാടിനഭിമാനമായി നാട്ടകമറിഞ്ഞ നാടകക്കാരന്‍

പൂക്കോട്ടുംപാടം: നാടകലോകത്തിന് അഭിമാനമായി നാട്ടകമറിഞ്ഞ നാടകക്കാരന്‍. അമരമ്പലം പഞ്ചായത്തിലെ പുതിയകളം സ്വദേശിയായ യുവ കലാകാരന്‍ ശിവന്‍ നെല്ലെങ്കരയാണ് നാടകലോകത്തിന്റെ പ്രതീക്ഷയാവുന്നത്. 15 വര്‍ഷത്തിലധികമായി നാടകാഭിനയവും നാടക രചനയുമയി ഈ കലാകാരന്‍ സജീവമാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഏകലവ്യനായി വേഷമിട്ടാണ് നാടക ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് നൂറോളം നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. നിരവധി തവണ നല്ല നടനുള്ള പദവിയും സ്വന്തമാക്കി. പ്ലസ്ടു വരെയുള്ള സ്‌കൂള്‍ പഠനകാലത്ത് കലാമേളകളില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടി. വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം കേരളോല്‍സവങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെയും നാടകങ്ങളിലൂടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത് ശിവനും സംഘവുമാണ്. ബെഞ്ചമിന്‍ മൊളോയിസിലെ വിപ്ലവകാരി, യുദ്ധത്തിന്റെ പരിണാമത്തിലെ ദ്രൗണി, പോസ്റ്റ്മാസ്റ്ററിലെ മാസ്റ്റര്‍, സമയത്തിലെ വൃദ്ധന്‍, തീന്‍ മുറിയിലെ ദുരന്തത്തിലെ യുവാവ് എന്നിവ ശിവനെ നല്ല നടനായി തിരഞ്ഞെടുത്ത വേഷപ്പകര്‍ച്ചകളാണ്.
കഴിഞ്ഞ 15 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കലാകാരന്റെ സംവിധാനത്തില്‍ യുവജനോല്‍സവങ്ങളില്‍ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സംസ്ഥാന തലത്തിലുള്‍പ്പടെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അരങ്ങത്ത് കഥാപാത്രമായി ജീവിക്കുന്ന ശിവന്റെ പ്രതിഭ തിരിച്ചറിഞ്ഞ പ്രശസ്തനടന്‍ മുകേഷ് അദ്ദേഹത്തിന്റെ നാടക ട്രൂപ്പായ നാഗയില്‍ അവസരം കൊടുത്തിരിക്കുകയാണ്. നാട്ടിലെത്തുന്ന സമയത്ത് ഈ കലാകാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യാറുണ്ട്. 2014ല്‍ ശിവന്‍ രചിച്ച ഉറിപുരാണം ജില്ലാ- സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നേടിയതോടെ ഈ നാടകക്കാരന് തിരക്കേറി.
പൂക്കോട്ടുംപാടത്ത് നടക്കുന്ന ഇപ്രാവശ്യത്തെ ഉപജില്ലാ കലോല്‍സവത്തിന് അഞ്ച് സ്‌കൂളുകള്‍ക്കായി നാടകം ചെയ്യുന്നത് ശിവനായതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും വളരെ പ്രതീക്ഷയിലാണ്. നിലമ്പൂര്‍ ആയിഷ, സുരേഷ് തിരവാലി, അബ്ബാസ്ഖാന്‍ തുടങ്ങിയ നാടക- സിനിമാ രംഗത്തെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഈ കലാകാരന്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് നാട്ടരങ്ങ് എന്നപേരില്‍ കുട്ടികള്‍ക്കായി നാടകക്കളരിയും സംഘടിപ്പിച്ചിട്ടുണ്ട്. അമരമ്പലം പഞ്ചായത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് പോസ്റ്റ് മാസ്റ്റര്‍ എന്ന നാടകം ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
Next Story

RELATED STORIES

Share it