നാഗ്പൂരില്‍ നിന്നുള്ള അജണ്ടകള്‍

അഹ്മദ് ശരീഫ് പി

നടേശവിഗ്രഹത്തിനു മുമ്പില്‍ കൈകൂപ്പിനില്‍ക്കുന്ന ദയനീയാവസ്ഥയിലേക്ക് ബഹുസ്വരതയുടെ കേരളമണ്ണ് തരംതാഴുകയാണെന്നു സംശയിക്കുംവിധമാണ് സംഭവവികാസങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ അലമ്പുണ്ടാക്കി വെള്ളം കലക്കിക്കഴിഞ്ഞു. ഇനി മീന്‍പിടിക്കേണ്ടതേയുള്ളൂ. ഇത്തരം അജണ്ടകള്‍ നിശ്ചയിച്ചാണ് മുസഫര്‍നഗര്‍ വഴി അമിത്ഷാ യുപിയും ഉത്തരേന്ത്യയും കഴിഞ്ഞകുറി കാല്‍ക്കീഴിലാക്കിയത്. ഗുജറാത്തിലെ പ്രസ്തുത അജണ്ട മൂലമാണ് ഇന്നും ഗാന്ധിസ്ഥാന്‍ ഗോഡ്‌സെവാദികളുടെ കൈകളില്‍ അമര്‍ന്നുകിടക്കുന്നത്.
സംഘപരിവാരം നിശ്ചയിക്കുന്ന അജണ്ടകളിലേക്കു കേരളം ചുരുങ്ങിപ്പോവുകയാണോ? വെള്ളാപ്പള്ളി നടേശന്റെ മുന്നേറ്റയാത്രയും അതിലെ പ്രസ്താവനകളും വിവാദങ്ങളുമെല്ലാം അന്തിമ വിശകലനത്തില്‍ സംഘപരിവാരത്തിനു മുതല്‍ക്കൂട്ടായിത്തീരുന്നു. ആര്‍ ശങ്കറിനെ ആര്‍എസ്എസ് ആക്കി മാമോദീസ മുക്കുന്ന ചടങ്ങിനു സംസ്ഥാന മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം വരാന്‍ പാടില്ലെന്നു കല്‍പിക്കുകയും ഉമ്മന്‍ചാണ്ടി അതു ശിരസാവഹിക്കുകയും ചെയ്തു. അപമാനിതനായത് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയല്ല, കേരളത്തിലെ ജനങ്ങളാണെന്നു ഭരണ-പ്രതിപക്ഷകക്ഷികള്‍ ഏകസ്വരത്തില്‍ പറയുന്നു. ഫലത്തില്‍ നടേശന്റെ ആജ്ഞ അനുസരിക്കപ്പെടുകയാണല്ലോ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാവട്ടെ, കടുത്ത ഭാഷയില്‍ പ്രതികരിച്ചതുമില്ല.
നൗഷാദ് എന്ന കോഴിക്കോടന്‍ 'അസുരജന്മ'ത്തെ പാതാളത്തിലേക്ക് ഒരിക്കല്‍ കൂടി ചവിട്ടിത്താഴ്ത്താന്‍ നടേശന്‍ ഒരുമ്പെട്ടപ്പോള്‍ വളരെ വൈകി ചെന്നിത്തല ഒരു കേസെടുത്തു. അത്രതന്നെ. മുമ്പ് തൊഗാഡിയക്കെതിരേ കൈകളുയര്‍ത്താന്‍ മടിച്ചുനിന്ന നിയമപാലക വ്യൂഹം ഇവിടെയും അറച്ചു. അതിനെതിരേയുമില്ല ഉറച്ച നിലപാട്. നടേശന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തെ ഭ്രാന്താലയമാക്കും, വിഭജിക്കും, ചോരപ്പുഴയൊഴുക്കും എന്നെല്ലാം പ്രസ്താവിച്ചു നടക്കുകയല്ലാതെ, അത്തരമൊരു സ്ഥിതിവിശേഷം സംജാതമാകുന്നതില്‍ നിന്ന് കേരളത്തെ തടയാന്‍ ആരും ഒന്നും ചെയ്യുന്നില്ല. ശംഖുമുഖം കഴിഞ്ഞപാടെ നടേശന്‍ ആര്‍ ശങ്കറിനു കാവിത്തൊപ്പി നല്‍കാനാണ് ഇറങ്ങിയത്.
വി എസ് കുറേ പരാക്രമങ്ങള്‍ നടത്തിയതുകൊണ്ടൊന്നും അടങ്ങുന്നതല്ല വെള്ളാപ്പള്ളിയുടെ കളി. കാരണം, ആര്‍ ശങ്കറിനെയെന്നപോലെ വെള്ളാപ്പള്ളിയെയും അമിത്ഷാ വിഗ്രഹവല്‍ക്കരിച്ചുകഴിഞ്ഞു. കയര്‍ ഇരിക്കുന്നത് അവിടെയാണ്. ചാഞ്ചാടുക മാത്രമാണ് നടേശകര്‍മം. കേരളത്തിലെ പിന്നാക്കക്കാരുടെ മിശിഹയായിരുന്ന നടേശന്‍ ഇപ്പോള്‍ അവരുടെ നേരെ തൃക്കണ്ണു തുറന്ന സംഹാരമൂര്‍ത്തിയായി മാറിയിരിക്കുന്നു. സാമ്പത്തിക സംവരണത്തിനെതിരേ മുദ്രാവാക്യം വിളിച്ച തൊണ്ടക്കുഴികള്‍ ഇന്നു മുന്നാക്ക സാമ്പത്തിക സംവരണത്തിനായി അലറിക്കൂവുകയാണ്.
ഇതിനപ്പുറം കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്ത നടേശവിഗ്രഹത്തെ പ്രതിരോധിക്കാന്‍ കര്‍മശേഷിയില്ലാതെ വലയുകയാണ് ഇരുമുന്നണികളും. ഇതു ഭയപ്പാടുണ്ടാക്കുന്ന വിഷയമാണ്. നാളെ അമിത്ഷാ പറയുന്ന ഏതു വേഷവും കെട്ടിയാടാന്‍ നടേശന്‍ തയ്യാറാകുമ്പോള്‍ എന്തു സിപിഎം, എന്തു കോണ്‍ഗ്രസ് എന്നു ജനം ചോദിച്ചുതുടങ്ങും. അതിന്റെ ഏറ്റവും വലിയ തെളിവാണ് രമേശ് ചെന്നിത്തലയുടേതായി പുറത്തുവന്ന കത്ത്.
കത്തുണ്ടായാലും ശരി, ഇല്ലെങ്കിലും ശരി, വെള്ളാപ്പള്ളിയിലൂടെ അമിത്ഷാ ഉദ്ദേശിക്കുന്ന അജണ്ടയുടെ കൃത്യമായ സ്വാധീനമാണ് കത്തിന്റെ ആവിര്‍ഭാവം എന്നതില്‍ സംശയമില്ല. കാരണം, പ്രസ്തുത കത്ത് വിരല്‍ചൂണ്ടുന്നത് കേരളത്തിന് ഒരു ഹിന്ദു മേല്‍ജാതി മുഖ്യമന്ത്രി അടിയന്തരമായി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ്. അഥവാ വെള്ളാപ്പള്ളി ഇപ്പോള്‍ ഉരുവിടുന്ന, സംഘപരിവാരം നേരത്തേ വിളംബരം ചെയ്തുകൊണ്ടിരുന്ന വ്യാജോക്തികളുടെ മറ്റൊരുതരം സാക്ഷാല്‍ക്കാരം. ചെന്നിത്തല എഴുതാത്തതായി പറയപ്പെടുന്ന കത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ നീറിപ്പുകയുന്നത് വെള്ളാപ്പള്ളിയും പുത്രനും നടത്തിയ വര്‍ഗീയ മുന്നേറ്റ രഥയോട്ടം സൃഷ്ടിച്ച ആന്ദോളനങ്ങളുടെ തിക്തഫലമായിട്ടാണ്. ഇനിയും ഇതുപോലെ പലതും സംഭവിക്കാനിരിക്കുന്നു.
ഏതു കണക്കെടുത്തുനോക്കിയാലും കാണാവുന്നതാണ് മുസ്‌ലിം പിന്നാക്കാവസ്ഥ. മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ഒരു സ്‌കൂളോ കുറച്ചു സീറ്റുകളോ അനുവദിക്കണമെങ്കില്‍ അപ്പുറത്ത് ഇരട്ടി സീറ്റും രണ്ടു സ്‌കൂളും കൊടുക്കേണ്ട ഗതികേടിലാണ് മുസ്‌ലിം വിദ്യാഭ്യാസമന്ത്രി. എന്നാല്‍, വിദ്യാഭ്യാസവകുപ്പില്‍ നയപരമായ എന്തു തീരുമാനം എടുക്കുന്നതും ഇതര വകുപ്പുകളില്‍ നിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിയാണുതാനും. അബ്ദുറബ്ബ് അല്ല ശരിക്കും വിദ്യാഭ്യാസമന്ത്രി, ഉമ്മന്‍ചാണ്ടി തന്നെയാണ്. മെഡിക്കല്‍ പ്രവേശനം ഇത്തവണ കുട്ടിച്ചോറാക്കിയത് വിദ്യാഭ്യാസവകുപ്പല്ല, ആരോഗ്യവകുപ്പായിരുന്നു. എന്നാല്‍, അടി മുഴുവന്‍ കൊണ്ടതോ അബ്ദുറബ്ബും.
വിശ്വഹിന്ദു പരിഷത്തിന്റെ തീ തുപ്പുന്ന കുമ്മനം രാജശേഖരന്‍ പുതിയ ഷാള്‍ പുതച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങിയിരിക്കുന്നു. ഇറക്കിയത് അമിത്ഷാ തന്നെ. ഇറക്കാനുള്ള യോഗ്യത- കേരളത്തിലെ പ്രവര്‍ത്തന പരിചയമുള്ള ബിജെപി നേതാക്കള്‍ക്കില്ലാതെപോയ യോഗ്യത- വെള്ളാപ്പള്ളിയുമായുള്ള ഇണക്കമാണത്രേ. അപ്പോള്‍ മുന്നേറ്റയാത്രയുടെ മറ്റൊരു അനന്തരഫലമാണിത്. എന്നാല്‍, കുമ്മനം വന്നതിലെന്തു കുഴപ്പം എന്നു മതേതര-ഇടതു സൈദ്ധാന്തികര്‍ പോലും നിരുന്മേഷവാന്മാരായി തല കുടഞ്ഞു ചോദിക്കുന്നു.
അന്തിമ വിശകലനത്തില്‍ വെള്ളാപ്പള്ളി ഒരു മുഴം മുമ്പില്‍ നില്‍ക്കുന്നു. ഈ പരിതഃസ്ഥിതിയുടെ പരാജയം കുടികൊള്ളുന്നത് ബിജെപിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തന ചരിത്രത്തിലാണ്. ഇപ്പോള്‍ നടേശനിലൂടെ അമിത്ഷാ രചിച്ച തിരക്കഥയ്ക്കനുസരിച്ച് മലയാളനാട് തുള്ളുമ്പോള്‍ സംഘപരിവാരം നാഗ്പൂരില്‍ രചിച്ച തിരക്കഥയ്ക്കനുസരിച്ച് കോണ്‍ഗ്രസ്സും ഇടതുപക്ഷവും ചാഞ്ചാടിയതിന്റെ ഭവിഷ്യത്താണ് നാട് അനുഭവിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്.
1977ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരേ പഴയ ഭാരതീയ ജനസംഘം ഉള്‍പ്പെടെ ലയിച്ചുചേര്‍ന്നുണ്ടായ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷം മൊറാര്‍ജി മന്ത്രിസഭ മറിച്ചിട്ട് പരിവാരം തുടങ്ങിയ കളിയാണിത്. അക്കാലത്തു രൂപീകരിച്ച ബിജെപി 1984ല്‍ എല്‍ കെ അഡ്വാനിയെ മുന്‍നിര്‍ത്തി ഇന്ത്യയില്‍ നാലു രഥയാത്രകള്‍ പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നിന്ന് അഡ്വാനി രഥം ഓടിച്ചത് അയോധ്യയിലേക്കായിരുന്നു.
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍പ്പെട്ട സരയൂ തീരത്തെ അയോധ്യയെന്ന ക്ഷേത്രഗ്രാമം അതോടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. അന്നു രാമജന്മസ്ഥാന്‍ പ്രക്ഷോഭത്തിനു വലിയ ജനപിന്തുണയുണ്ടായിരുന്നില്ല. നരസിംഹറാവുവിനെപ്പോലുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ഒളിച്ചിരിക്കുന്നതുകൊണ്ടാവണം കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല.
1987ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തന്നെ അയോധ്യയില്‍ ശിലാന്യാസത്തിന് ഒത്താശ ചെയ്തു. 1992ലെ ബാബരി മസ്ജിദ് തകര്‍ക്കല്‍, കലാപങ്ങള്‍ 2002ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയ സംഭവവികാസങ്ങളെല്ലാം നാഗ്പൂര്‍ അജണ്ടയുടെ പ്രയോഗവല്‍ക്കരണമായിരുന്നു.
കേരളത്തെ മാത്രം ലക്ഷ്യമാക്കിയുള്ള അസ്ത്രങ്ങള്‍ നാഗ്പൂര്‍ ആവനാഴിയില്‍ നിന്ന് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതു തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ്സിനുണ്ടാകുന്ന പരാജയവും ഇടതുപക്ഷത്തിനുണ്ടാകുന്ന നിസ്സഹായതയും കൂടിച്ചേരുമ്പോള്‍ കേരളം വര്‍ഗീയ ഛിദ്രതയുടെ താണ്ഡവഭൂമിയായേക്കും.
ബുദ്ധിപൂര്‍വം യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മതേതരവിശ്വാസികളുടെ വീഴ്ചകള്‍ വളരെ വ്യക്തമാണ്. കഴിഞ്ഞ വീഴ്ചകളില്‍ നിന്നു പാഠം പഠിക്കാന്‍ അവര്‍ക്കു കഴിഞ്ഞാല്‍ നന്ന്. $
Next Story

RELATED STORIES

Share it