നാഗ്ജി കപ്പ്: ഉക്രെയ്ന്‍-ബ്രസീല്‍ കലാശപ്പോരാട്ടം

എംഎം സലാം

കോഴിക്കോട്: അവസാന നിമിഷങ്ങളിലെ ഉഗ്രന്‍ പോരാട്ടം, ഒപ്പം ദാനമായി ലഭിച്ച ഒരു ഗോളും. യൂറോപ്യന്‍ ശക്തികള്‍ ഏറ്റു മുട്ടിയ നാഗ്ജി ഫുട്‌ബോളിന്റെ നാടകീയതകള്‍ നിറഞ്ഞ രണ്ടാം സെമിയില്‍ ഉക്രെയ്ന്‍ ക്ലബ്ബായ എഫ് സി നിപ്രോയ്ക്കു മിന്നും ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ക്ലബ്ബായ വാട്‌ഫോര്‍ഡ് എഫ്‌സിയെ തകര്‍ത്താണ് നിപ്രോ കലാശപ്പോരിന് യോഗ്യത നേടിയത്.
നാളെ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലില്‍ നിന്നുള്ള അത്‌ലറ്റികോ പരാനെന്‍സാണ് നിപ്രോയുടെ എതിരാളികള്‍. ഒരു ഡസന്‍ ഗോളുകള്‍ക്കെങ്കിലും ജയിക്കേണ്ട മല്‍സരമാണ് മൂന്നു ഗോളിന് ജയിച്ച് നിപ്രോ ഇന്നലെ ഫൈനല്‍ ടിക്കറ്റെടുത്തത്.
അവസരങ്ങളുടെ പെരുമഴ
ഒരു ഡസനോളം അവസരങ്ങളാണ് ആദ്യ പകുതിയില്‍ തന്നെ നിപ്രോയ്ക്കു ലഭിച്ചത്. ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചതും ഷോട്ടുകളുതിര്‍ത്തതും നിപ്രോ താരങ്ങളായിരുന്നുവെങ്കിലും ഗോള്‍ മാത്രം പിറക്കാന്‍ മടിച്ചു നിന്നു. ആദ്യ പകുതിയില്‍ മാത്രം പന്ത്രണ്ട് ഷോട്ടുകള്‍ നിപ്രോ ഗോള്‍പോസ്റ്റിലേക്ക് തൊടുത്തപ്പോള്‍ രണ്ടു തവണ മാത്രമാണ് വാട്‌ഫോര്‍ഡ് ഗോള്‍ ശ്രമം നടത്തിയത്.
അഞ്ചാം മിനിറ്റില്‍ വാട്‌ഫോര്‍ഡായിരുന്നു ആദ്യ ഗോളവസരം തുറന്നത്. മൈതാനമധ്യത്തു നിന്നും ജോര്‍ജ് ബയേഴ്‌സിന്റെ പാസ് കാള്‍ സ്റ്റെവര്‍ട്ടിലേക്ക്. പ്രതിരോധ താരത്തെ സമര്‍ത്ഥമായി കബളിപ്പിച്ച് സ്റ്റെവര്‍ട്ട് ഇടതു ബോക്‌സില്‍ കാത്തു നില്‍ക്കുകയായിരുന്ന അലക്‌സ് ജാക്യുബെയ്ക്കിലേക്ക് പന്തെത്തിച്ചു. അലക്‌സിന്റെ ഉഗ്രന്‍ വലങ്കാല്‍ ഷോട്ട് പക്ഷേ ഗോള്‍കീപ്പര്‍ ഇഹോര്‍വാട്‌സാബ മനോഹരമായി തട്ടിയകറ്റി. ഇതിനു മറുപടിയെന്നോണം എതിര്‍ ബോക്‌സിലേക്കു നിരന്തരം ഇരച്ചു കയറുന്ന നിപ്രോ താരങ്ങളെയാണ് പിന്നീട് കാണാനായത്.
16ാം മിനിറ്റില്‍ യൂര്‍ലി വക്യൂല്‍കോയ്ക്കു ലഭിച്ച പന്ത് ഡെനീസ് ബലാനിക്വോയ്ക്കു മറിച്ചു നല്‍കി. ബോക്‌സിനു സമീപമെത്തിയ ബലാനിക്വോ വീണ്ടും വക്യൂല്‍ക്കോയിലേക്കു തന്നെ പന്തെത്തിച്ചു. ബോക്‌സിനുള്ളില്‍ നിന്നും വക്യൂല്‍ക്കോയുടെ ഉഗ്രന്‍ ബുള്ളറ്റ് ഷോട്ട് പക്ഷേ ബാറിനെ തൊട്ടിയുരുമ്മി കടന്നു പോയി. 21ാം മിനിറ്റില്‍ മാക്‌സിം ലുനോവിന്റെ ഷോട്ടും ഗോള്‍ പോസ്റ്റിനു പുറത്തേയ്ക്കു പാഞ്ഞു. 36ാം മിനിറ്റില്‍ വലതു മൂലയിലൂടെ നിപ്രോയുടെ ഡബിനൈസ് ബലന്യൂക്ക് ഒറ്റയ്ക്കു നടത്തിയ മുന്നേറ്റവും ഗോളിനു തൊട്ടരികെ വിഫലമായി. 39ാം മിനിറ്റിലും നിപ്രോ ഗോളവസരം പാഴാക്കി. വ്‌ലാഡിസ്ലാവ് കൊച്ചെര്‍ഗിനില്‍ നിന്നും പന്ത് യൂര്‍ലി വക്യൂല്‍ക്കോയിലേക്ക്. വക്യൂല്‍ക്കോ മറിച്ച് നല്‍കിയ പന്ത് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മാക്‌സിം ലുനോവിന് ക്ലിയര്‍ ചെയ്യാനായില്ല. എതിര്‍ താരത്തെ ഫൗള്‍ ചെയ്തതിന് വാട്‌ഫോര്‍ഡിന്റെ ജോറല്‍ ജോണ്‍സന്‍ ആദ്യ മഞ്ഞക്കാര്‍ഡും കണ്ടു.
ഗോള്‍ പിറക്കാന്‍ മടിച്ചു രണ്ടാം പകുതിയും
നിപ്രോയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിയും ആരംഭിച്ചത്. 50ാം മിനിറ്റില്‍ കൊച്ചെര്‍ഗിനില്‍ നിന്നും ലഭിച്ച പാസില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഡെനീസ് ബലാന്യൂക്കിന്റെ ഉഗ്രന്‍ ഷോട്ട് പക്ഷേ ഗോള്‍കീപ്പര്‍ ലൂക്ക് സിംപ്‌സണ്‍ പക്ഷേ പറന്നു ചാടി രക്ഷപെടുത്തി.റീബൗണ്ട് ചെയ്ത പന്തില്‍ നിന്നു വീണ്ടും നിപ്രോയ്ക്കു ഗോളവസരം ലഭിച്ചു. യൂറില്‍ വക്കുല്‍ക്കോയുടെ ഷോട്ട് ഗോള്‍പോസ്റ്റിനു മുകളിലൂടെ പറന്നു.
62ാം മിനിറ്റില്‍ താരങ്ങളെ മാറ്റി നിപ്രോ കോച്ച് മികായിലെന്‍കോ ഭാഗ്യം പരീക്ഷിച്ചു. ഡെനീസ് ബലാന്യൂക്കിനു പകരക്കാരനായി വിറ്റാലി കിര്‍യേവ് കളത്തിലിറങ്ങി. 65 ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ചൊരു മുന്നേറ്റം വാറ്റ്‌ഫോര്‍ഡിന്റെയും ഭാഗത്തു നിന്നുണ്ടായി. പന്തുമായി ഒറ്റയ്ക്കു മുന്നേറിയ മൈക്കല്‍ ഫോലിവിയെ നിപ്രോ പ്രതിരോധ താരങ്ങള്‍ വീഴ്ത്തിയെങ്കിലും പോസ്റ്റിലേക്കെത്തിയ പന്ത് ഇടതു മൂലയിലൂടെ പുറത്തേക്ക് പോയി.
71ാം മിനിറ്റില്‍ മറ്റൊരവസരം കൂടി നിപ്രോ പാഴാക്കി. ഇതേ സമയം വാറ്റ്‌ഫോര്‍ഡിലും കോച്ച് ചില മാററങ്ങള്‍ നടത്തി. ബെര്‍നാഡ് മന്‍ഷെയ്ക്കു പകരക്കാരനായി ഒലാജുവോണ്‍ അഡെയെമോയാണ് പരീക്ഷിച്ചത്. 82ാം മിനിറ്റില്‍ നിപ്രോയുടെ ഇഹോര്‍ കൊഹ്യൂട്ടിനു പകരക്കാരനായി ബോഹ്ഡന്‍ ലെഡ്‌നിവും കളത്തിലിറങ്ങി. പകരക്കാരെത്തിയിട്ടും അവസാന മിനിറ്റുകളിലും ഇരു ടീമുകളുടേയും മുന്നേറ്റങ്ങള്‍ ലക്ഷ്യം കാണാതിരുന്നതോടെ മല്‍സരം അധികസമയത്തേക്കു നീളുകയായിരുന്നു.
അധികസമയത്ത് മൂന്നടിച്ച് നിപ്രോ
അധികസമയത്തിന്റെ ആദ്യ മിനിറ്റുകളിലും നിപ്രോയുടെ മുന്നേറ്റമായിരുന്നു. ലക്ഷ്യം കാണാത്ത മുന്നേറ്റങ്ങള്‍ കണ്ട് നിരാശരായിരുന്ന കാണികള്‍ക്കു ആശ്വാസമായി 94ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. പെനല്‍റ്റി ബോക്‌സിനു പുറത്തു നിന്നും ലഭിച്ച പന്ത് വ്‌ലാഡിസ്ലാവ് കൊച്ചെര്‍ഗിനിലേക്ക്. കൊച്ചെര്‍ഗിന്റെ പവര്‍ഫുള്‍ വലംകാല്‍ ഷോട്ട് ഗോള്‍കീപ്പര്‍ ലൂക്ക് സിംപ്‌സണെ നിസ്സഹായനാക്കി ഇടതു മൂലയില്‍ പതിച്ചു (1-0).
ടൂര്‍ണമെന്റില്‍ കൊച്ചെര്‍ഗിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്. അധികസമയത്തിന്റെ അവസാന മിനിറ്റില്‍ മറുപടി ഗോളിനായി കിണഞ്ഞു പരിശ്രമിക്കുന്ന വാട്‌ഫോര്‍ഡ് താരങ്ങളെയാണ് കണ്ടത്. വാട്‌ഫോര്‍ഡിന്റെ ഗോള്‍ ശ്രമങ്ങള്‍ നിപ്രോ പ്രതിരോധത്തില്‍ തട്ടിയകന്ന
അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ നിപ്രോ അര്‍ഹിച്ച രണ്ടാം ഗോള്‍ കൂടി പിറന്നു. ആദ്യ ഗോള്‍ നേടിയ കൊച്ചെര്‍ഗിന്‍ തന്നെയായിരുന്നു ഈ ഗോളിനും വഴി മരുന്നിട്ടത്. 109ാം മിനിറ്റില്‍ ഇടതു മൂലയിലൂടെ പന്തുമായി കൊച്ചെര്‍ഗിന്റെ മുന്നേറ്റം. ബോക്‌സിനു സമീപം ഓടിയെത്തിയ മാക്‌സിം ലുനോവിന് കൊച്ചെര്‍ഗിന്‍ പന്ത് മറിച്ചു നല്‍കി. ഗോളിയെ കബളിപ്പിച്ച് ഇടങ്കാല് കൊണ്ട് ലുനോവ് പോസ്റ്റിലേക്ക് തട്ടിയിട്ടു (2-0).
രണ്ടു ഗോളിന് പിന്നില്‍ നിന്ന വാട്‌ഫോര്‍ഡിന് ഇടിത്തീയായി അവസാന മിനിറ്റില്‍ സെല്‍ഫ് ഗോളുമെത്തി. ഷോണ്‍ മുറേയുടെ മൈനസ് പാസില്‍ പക്ഷേ മു്ന്നിലേക്ക് ഓടിക്കയറിയ ഗോള്‍കീപ്പറിനു ഒന്നും ചെയ്യാനായില്ല. (3-0). മൂന്നു ഗോളിന് പിന്നിലായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട വാട്‌ഫോര്‍ഡിന് മടക്കടിക്കറ്റ് നല്‍കി റഫറിയുടെ ലോങ് വിസിലും മുഴങ്ങി.
Next Story

RELATED STORIES

Share it