നാഗോര്‍ണോ- കരാബാഖ് തര്‍ക്കം: അര്‍മേനിയ അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം

ബാകു(അസര്‍ബൈജാന്‍)/ മോസ്‌കോ: അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന നാഗോര്‍ണോ-കരാബാഖ് മേഖലയില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളുടെയും സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ 1994 വരെ നീണ്ടുനിന്ന യുദ്ധത്തെത്തുടര്‍ന്ന് നാഗോര്‍ണോ-കരാബാഖ് മേഖല അര്‍മേനിയന്‍ സൈന്യത്തിന്റെയും വിമതരുടെയും അധീനതയിലായിരുന്നു.

മേഖലയിലെ അസര്‍ബൈജാനി സൈന്യം തങ്ങളുടെ സൈനിക ഹെലികോപ്റ്ററിനു നേര്‍ക്ക് വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ആര്‍ട്‌സ്‌റണ്‍ ഹൊവന്നിസ്യന്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണം അസര്‍ബൈജാന്‍ നിഷേധിച്ചു.
അസര്‍ബൈജാനി സൈന്യത്തിനെതിരേ പ്രത്യാക്രമണം ആരംഭിച്ചുവെന്ന് ആര്‍ട്‌സ്‌റണ്‍ഹൊവന്നിസ്യന്‍ അറിയിച്ചു. ഇരു പക്ഷത്തും ആളപായവും നാശനഷ്ടങ്ങളുമുണ്ടായെന്നും പ്രത്യാക്രമണത്തിന്റെ ഭാഗമായി അസര്‍ബൈജാന്റെ ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തിയിട്ടുണ്ടെന്നും ഹാവന്നിസ്യന്‍ പറഞ്ഞു.
മേഖലയിലെ ഗ്രാമങ്ങള്‍ക്കു നേര്‍ക്ക് അസര്‍ബൈജാന്‍ ആക്രമണം നടത്തിയെന്നും ഇതില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തെന്നും കരാബാഖിലെ പ്രാദേശിക പ്രതിരോധ സേന ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാല്‍, അര്‍മേനിയന്‍ ഹെലികോപ്റ്റര്‍ വെടിവച്ചുവീഴ്ത്തിയെന്ന വാര്‍ത്ത കള്ളമാണെന്ന് അസര്‍ബൈജാനി പ്രതിരോധ മന്ത്രാലയത്തെ ഉദ്ദരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇത് അര്‍മേനിയയുടെ ഭാഗത്തുനിന്നുള്ള മറ്റൊരു പ്രകോപനമാണ്. അതിര്‍ത്തി ലക്ഷ്യമാക്കി അര്‍മേനിയന്‍ സേന മോര്‍ട്ടാര്‍, ഷെല്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും അസര്‍ബൈജാനി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ഉടന്‍ സ്വീകരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും തുടര്‍പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അര്‍മേനിയ-അസര്‍ബൈജാന്‍ സര്‍ക്കാരുകള്‍ക്ക് വഌദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it