നാം നിശ്ശബ്ദരാവരുത്, വരും തലമുറ ഇരയാക്കപ്പെടാതിരിക്കാന്‍: കമല്‍

കോട്ടയം: ഫാഷിസം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് വരും തലമുറ ഇരയാക്കപ്പെടാതിരിക്കാന്‍ നാം നിശ്ശബ്ദരാവരുതെന്ന് ചലച്ചിത്ര സംവിധായകന്‍ കമല്‍. കോട്ടയത്ത് ദിശ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പഴയ പോലിസ്‌സ്‌റ്റേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച വര്‍ഗീയ ഭ്രാന്തിനെതിരേ ജനാധിപത്യ മതേതര മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസം പകര്‍ച്ചവ്യാധി പോലെ സമൂഹത്തില്‍ ഉറങ്ങിക്കിടന്ന ശേഷം വളരെ പെട്ടെന്നാണ് പടര്‍ന്നുപിടിക്കുന്നത്. സമീപകാല സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഇതാണ്. ഭയത്തിന്റെ രാഷ്ട്രീയം വിതയ്ക്കുകയാണ് ഇവിടെ. അത് പല രൂപത്തിലും ഭാവത്തിലും കടന്നുവരാം. ആരെയും ഭയപ്പെടാതെ ഇന്ത്യയില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാ ല്‍, ജീവിക്കാനുള്ള അവകാശം പറയുമ്പോള്‍ അത് ഇവിടെ നിഷേധിക്കുന്ന നിലപാടാണ് ഫാഷിസം മുന്നോട്ടു വയ്ക്കുന്നത്. ഒരു തരത്തിലുമുള്ള വര്‍ഗീയതയും അനുവദിക്കില്ലെന്ന പ്രതിജ്ഞ ജനാധിപത്യവാദികള്‍ എടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണെന്നു പറയാന്‍ നാണമാവുകയാണ്. പ്രധാനമന്ത്രിക്ക് അതു പറയാന്‍ ഒരു ഉളുപ്പുമില്ല. ഇന്ത്യ വലിയ ജനാധിപത്യരാജ്യമാണെന്ന് അദ്ദേഹം വിദേശ രാജ്യങ്ങളിലാണു പറയുന്നത്. എന്നാല്‍, ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനമാണ് പ്രധാനമന്ത്രിക്ക്. നാത്‌സി സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറിനും മഹാമൗനമായിരുന്നു ഉണ്ടായിരുന്നത്. ഹിറ്റ്‌ലര്‍ തന്റെ കള്ളപ്രചാരണങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചത് ഗീബല്‍സിനെയാണ്. ഇവിടെയും ഒരുപാടു ഗീബല്‍സുമാ ര്‍ ഉണ്ട്. ഭയത്തിന്റെ രാഷ്ട്രീയത്തെ എങ്ങനെ ചെറുക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്.
എല്ലാ ഭീകരതയുടെയും തുടക്കം അമേരിക്കയുടെ തലച്ചോറില്‍ നിന്നാണ്. സാംസ്‌കാരികമായി ഭീകരത സൃഷ്ടിക്കുക എന്നതാണ് സംഘപരിവാര ലക്ഷ്യം. സാംസ്‌കാരിക ഫാഷിസം ഭീതിപ്പെടുത്തുന്നതാണ്. ഉന്മൂലന സിദ്ധാന്തമാണ് ഇവിടെ നടക്കുന്നത്. ഗോഡ്‌സേക്കു വേണ്ടി അമ്പലം പണിയാന്‍ ഒരുങ്ങുന്നവര്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടിയ ടിപ്പുസുല്‍ത്താനെ വര്‍ഗീയവാദിയാക്കുകയാണെന്നും കമല്‍ പറഞ്ഞു.
ചടങ്ങില്‍ നടനും സംവിധായകനുമായ ജോഷി മാത്യു അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it