wayanad local

നഷ്ടപരിഹാരംപോലും ലഭിച്ചില്ല; കാര്‍ഷിക മേഖലയില്‍ തിരഞ്ഞെടുപ്പിനോട് തണുപ്പന്‍ പ്രതികരണം

കല്‍പ്പറ്റ: കാലവര്‍ഷത്തിലും വരള്‍ച്ചയിലുമുണ്ടായ നഷ്ടപരിഹാരം പോലും ലഭിക്കാതായതോടെ കാര്‍ഷികമേഖലയില്‍ തദ്ദേശ ഭരണതിരഞ്ഞെടുപ്പിനോട് തണുപ്പന്‍ പ്രതികരണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയില്‍ സ്ഥാനാര്‍ഥികളും നേതാക്കളും ശക്തമായ പ്രചാരണത്തിലാണെങ്കിലും രംഗത്തുള്ളത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ മാത്രമാണ്.
സാധാരണ കര്‍ഷകരൊന്നും പ്രചാരണത്തിനിറങ്ങുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ തെക്കുപടിഞ്ഞാറാന്‍ കാലവര്‍ഷത്തില്‍ സംഭവിച്ച കൃഷിനാശത്തിനു കണക്കാക്കിയ 3.55 കോടി രൂപയുടെ ആശ്വാസധനത്തില്‍ ഒരു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 2014-15ലെ വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലുണ്ടായ(സെപ്റ്റംബര്‍-ജനുവരി) കൃഷിനാശത്തിനു പ്രഖ്യാപിച്ച ഒന്നര ലക്ഷം രൂപയുടെ ആശ്വാസധനവും കുടിശികയാണ്. 2015-16ലെ വേനല്‍മഴയില്‍ കൃഷിനാശത്തിനു ഇരകളായവര്‍ക്ക് 2.23 കോടി കിട്ടാനുണ്ട്.
ഇക്കുറി കാലവര്‍ഷത്തില്‍ വാഴകൃഷി നശിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് 87385375 രൂപയുടെ ആശ്വാസധനത്തിനു അര്‍ഹതയുള്ളതായി കൃഷി വകുപ്പ് കണക്കാക്കിയിട്ടുണ്ടെങ്കിലും കൃഷിക്കാര്‍ക്ക് എത്ര രൂപ ലഭിക്കുമെന്നത് അനിശ്ചിതത്വത്തിലാണ്. 2015 ഏപ്രില്‍ ഒന്നിനു പുതുക്കിയ കേന്ദ്ര നിരക്കനുസരിച്ച് കുലച്ച വാഴ പ്രകൃതിക്ഷോഭത്തില്‍ നശിച്ചാല്‍ ഒന്നിന് 2.70 രൂപയാണ് ആശ്വാസധനം. കഴിഞ്ഞ വര്‍ഷം സംസ്ഥാന വിഹിതവും ചേര്‍ത്ത് വാഴ ഒന്നിന് 100 രൂപയാണ് ആശ്വാസധനമായി കൃഷിക്കാര്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ ഈ വര്‍ഷവും ആശ്വാസധനം അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇതുവരെ വയനാട്ടിലുണ്ടായത് 21.385 കോടി രൂപയുടെ കൃഷിനാശം. 363.4 ഹെക്ടര്‍ വയലിലും 84.54 ഹെക്ടര്‍ കരയിലുമാണ് കൃഷി നശിച്ചത്. 7363 കര്‍ഷകര്‍ കെടുതികള്‍ക്ക് ഇരയായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി കാര്യാലയത്തില്‍നിന്നു ലഭിച്ചതാണ് ഈ കണക്ക്.
കാലവര്‍ഷത്തില്‍ കാറ്റിലും മഴയിലും വാഴകൃഷിയാണ് കൂടുതലും നശിച്ചത്. 360.4 ഹെക്ടറിലാണ് വാഴകൃഷി നാശം. 2605 കര്‍ഷകരുടേതായി കുലച്ച 792430-ഉം കുലയ്ക്കാത്ത 108515-ഉം വാഴകള്‍ നിലംപൊത്തി. 19.06 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. കാറ്റും മഴയും കമുക് കര്‍ഷകരെയും ബാധിച്ചു. 4.33 ഹെക്ടറിലായി 4189 കര്‍ഷകരുടെ 5845 കമുക് നശിച്ചു. വളര്‍ച്ചയെത്തിയതാണ് ഇതില്‍ 5618 എണ്ണം. 3461600 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. 1.93 ഹെക്ടറിലായി 93 പേരുടെ കായ്ഫലമുള്ള 289 തെങ്ങ് കാറ്റില്‍ മറിഞ്ഞു. 2312000 രൂപയാണ് നഷ്ടം. 7.82 ഹെക്ടറില്‍ ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു. 165 കര്‍ഷകരുടേതായി 3126 റബ്ബര്‍ മരങ്ങളാണ് നശിച്ചത്. 3751200 രൂപയാണ് നഷ്ടം. 0.63 ഹെക്ടറിലായി 10 കര്‍ഷകരുടെ ടാപ്പിംഗിനു പാകമാകാറായ 250 റബ്ബര്‍ മരങ്ങളെയും കാറ്റെടുത്തു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
2.16 ഹെക്ടറിലാണ് കുരുമുളക് കൃഷി നശിച്ചത്. 90 കര്‍ഷകരുടേതായി 2375 കുരുമുളക് ചെടികള്‍ നിലംപതിച്ചു. 712500 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാപ്പികൃഷി നശിച്ചതുമൂലം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 0.68 ഹെക്ടറില്‍ 20 പേരുടെ 750 കാപ്പിച്ചെടികളാണ് നശിച്ചത്. ഏഴ് ഹെക്ടറില്‍ ഏലം കൃഷിയും 30 ഹെക്ടറില്‍ ഇഞ്ചി കൃഷിയും നശിച്ചു. ഏലം കൃഷിനാശത്തില്‍ 55 കര്‍ഷകര്‍ക്ക് 35000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇഞ്ചികൃഷി നശിച്ചതുമൂലം 30 പേര്‍ക്കായി 1.2 കോടി യുടെ നഷ്ടം സംഭവിച്ചു. 30 ഹെക്ടറില്‍ കപ്പകൃഷി നശിച്ചതുകാരണം 71 കര്‍ഷകര്‍ക്ക് 1.8 ലക്ഷം രൂപയാണ് നഷ്ടം. 20 പേരുടേതായി വിത്തേറ് നടന്ന മൂന്ന് ഹെക്ടര്‍ പാടത്തും കാലവര്‍ഷം നാശം വരുത്തി. 60000 രൂപയാണ് ഇതുമൂലം നഷ്ടം.
ഈയാണ്ടില്‍ കാലവര്‍ഷത്തില്‍ ഇതുവരെയുണ്ടായ കൃഷിനാശത്തിനു സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് 89892000 രൂപ കര്‍ഷകര്‍ക്ക് സമാശ്വാസധനമായി കിട്ടണം. കുലച്ചവാഴ-79243000 രൂപ, കുലയ്ക്കാത്ത വാഴ-8142375, കമുക് കായ്ഫലമുള്ളത്-842700, കായ്ഫലം ഇല്ലാത്തത്-22700, തെങ്ങ് കായ്ഫലമുള്ളത്-202300, റബ്ബര്‍ ടാപ്പ് ചെയ്യുന്നത്-937800, ടാപ്പ് ചെയ്യാത്തത്-50,000, കുരുമുളക്-178125, കാപ്പി-75000, കപ്പ-45000, ഏലം-17500, ഇഞ്ചി 112500 രൂപ എന്നിങ്ങനെയാണ് സമാശ്വാസധനം കണക്കാക്കിയിരിക്കുന്നത്. ഇത് എപ്പോള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it