Second edit

നഷ്ടനഗരം

കടലില്‍ മറഞ്ഞുപോയ നഗരങ്ങളെ സംബന്ധിച്ച സങ്കല്‍പങ്ങളും കഥകളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. എന്നാല്‍, ഏതാനും വര്‍ഷം മുമ്പ് ഗ്രീക്ക് ദ്വീപായ സക്കിന്തോസിന് അരികിലായി കടലിനടിയില്‍ ചിലര്‍ കെട്ടിടാവശിഷ്ടങ്ങള്‍പോലെ ചിലതു കണ്ടെത്തി. പഴയ ഗ്രീക്ക് കെട്ടിടങ്ങളില്‍ വ്യാപകമായി കാണുന്ന തൂണിന്റെ അടിഭാഗംപോലെ ചില വാര്‍പ്പുകള്‍.
അതോടെ കടലില്‍ മറഞ്ഞുകിടക്കുന്ന ഗ്രീക്ക് നഗരത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണമായി. ആര്‍ക്കിയോളജിസ്റ്റുകളും ചരിത്രപണ്ഡിതന്‍മാരും രംഗത്തെത്തി. പക്ഷേ, അവര്‍ എത്ര മുങ്ങിത്തപ്പിയിട്ടും അവിടെ ഒരുകാലത്ത് ജനവാസം ഉണ്ടായിരുന്നതിന്റെ തെളിവൊന്നും കിട്ടിയില്ല. ഒരു നശിച്ചുപോയ നഗരത്തില്‍ പാത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും എന്തായാലും കാണപ്പെടേണ്ടതാണല്ലോ.
ഇപ്പോള്‍ ഗവേഷകര്‍ അതിന്റെ കാരണം കണ്ടെത്തി. ഇംഗ്ലണ്ടിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് കടലില്‍ കണ്ടത് കെട്ടിടാവശിഷ്ടങ്ങളേ അല്ലെന്നാണ്. ഭൂഗര്‍ഭത്തില്‍നിന്നു പുറത്തേക്കുവന്ന മീഥെയ്ന്‍ വാതകം ഭക്ഷിച്ചു ജീവിക്കുന്ന സൂക്ഷ്മജീവികളാണ് ഇങ്ങനെ കരിങ്കല്ലുപോലെയുള്ള വൃത്താകൃതിയിലുള്ള വാര്‍പ്പുകള്‍ ഉണ്ടായിവരാന്‍ കാരണമായതെന്ന് അവര്‍ കണ്ടെത്തി. ഈ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി ദശലക്ഷക്കണക്കിനു വര്‍ഷംകൊണ്ടാണ് ഇവ രൂപംകൊണ്ടത്.
ചുരുക്കിപ്പറഞ്ഞാല്‍ പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാ പ്രതിഭാസങ്ങളും മനുഷ്യസൃഷ്ടിയാണ് എന്ന ധാരണ തെറ്റ്. മറ്റു ജീവികളും പ്രകൃതിയെ അദ്ഭുതാവഹമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it