നഷീദ് ചികില്‍സയ്ക്കായി ബ്രിട്ടനിലെത്തി

കൊളംബോ: തടവില്‍ കഴിയുന്ന മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ചികില്‍സയ്ക്കായി ബ്രിട്ടനിലെത്തി. സര്‍ക്കാരിന്റെ അനുമതിയോടെ തിങ്കളാഴ്ചയാണ് നഷീദ് മാലദ്വീപ് വിട്ടത്.
തുടര്‍ന്ന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ തങ്ങിയ ശേഷമാണ് ഇന്നലെ രാവിലെ നഷീദ് ലണ്ടനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് 'തീവ്രവാദക്കുറ്റം' ചുമത്തി നഷീദിനെ 13 വര്‍ഷം തടവിനു വിധിച്ചത്. നഷീദ് നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി വിട്ടയക്കാന്‍ യുഎന്നും മനുഷ്യാവകാശസംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാവുകൂടിയായ നഷീദ് നട്ടെല്ലില്‍ ശസ്ത്രക്രിയ കഴിഞ്ഞു 30 ദിവസത്തിനകം രാജ്യത്ത് തിരിച്ചെത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇന്ത്യ, ശ്രീലങ്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നഷീദിന്റെ യാത്രയനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി നഷീദ് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ശ്രീലങ്ക നിഷേധിച്ചു.
ജനാധിപത്യ രീതിയിലൂടെ രാജ്യത്ത് അധികാരത്തിലേറിയ ആദ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. നഷീദിന്റെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ സഹോദരനെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it