malappuram local

നവാഗതരെ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരുങ്ങി

മലപ്പുറം: പുതുതായി തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരുങ്ങി, നവീകരിച്ച ബോര്‍ഡ് മീറ്റിങ് ഹാളും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ എന്നിവരുടെ ചേംബറുകളും മിനി കോണ്‍ ഫ്രന്‍സ്ഹാളും പുതിയ ഭരണ സമിതിക്കായി സജ്ജമാക്കിയാണ് പഴയ ഭരണ സമിതി പടിയിറങ്ങിയിരുന്നത്.
ഇന്ന് കാലത്ത് 10 മണിക്ക് ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഏറ്റവും പ്രായം കൂടിയ അംഗമായ കെ പി ഹാജറുമ്മ ടീച്ചര്‍ക്ക് സത്യ വാചകം ചൊല്ലികൊടുക്കും. തുടര്‍ന്ന് ബാക്കിയുള്ള അംഗങ്ങള്‍ക്ക് ഹാജറുമ്മ ടീച്ചര്‍ സത്യ വാചകം ചൊല്ലി കൊടുക്കും. പുതുതായി തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ജില്ലാ പഞ്ചായത്തിലെ ജീവനക്കാര്‍ പൂചെണ്ടുകള്‍ നല്‍കി സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ്.
ജില്ലാ പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന 1995 മുതല്‍ 5 തവണ തുടര്‍ച്ചയായി ജില്ലാ പഞ്ചായത്തില്‍ അംഗങ്ങളായി വരുന്ന ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം എന്നിവരാണ് ഏറ്റവും സീനിയേഴ്‌സായ മെംബര്‍മാര്‍. സക്കീന പുല്‍പ്പാടന്‍ 10 വര്‍ഷമായി ജില്ലാ പഞ്ചായത്ത് അംഗമാണ്. കെ പി ഹാജറുമ്മ ടീച്ചര്‍, ജമീല അബൂബക്കര്‍, വെട്ടം ആലിക്കോയ, അഡ്വ. പി വി മനാഫ്, വി സുധാകരന്‍, എ കെ അബ്ദു റഹ്മാന്‍ എന്നിവര്‍ കഴിഞ്ഞ ഭരണ സമിതിയിലും മെംബര്‍മാരായിരുന്നു. എ പി ഉണ്ണികൃഷ്ണന്‍, കെ ദേവിക്കുട്ടി, എന്നിവര്‍ മുമ്പ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായിരുന്നവര്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും അംഗങ്ങളായി തിരിച്ച് വരുന്നവരാണ്.
അവശേഷിക്കുന്ന 15 അംഗങ്ങള്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ നേരത്തെ അധ്യക്ഷന്‍മാരും അംഗങ്ങളുമായിരുന്ന പരിചയ സമ്പന്നരാണ്. 6 അംഗങ്ങള്‍ പ്രാദേശിക ഭരണ സംവിധാനത്തിലേക്ക് ആദ്യമായി കടന്ന് വരുന്നവരാണ് സത്യപ്രതിജ്ഞക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരും. 19ന് നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടീസ് വിതരണം ഈ യോഗത്തില്‍ നടക്കും.
Next Story

RELATED STORIES

Share it