നവവധു മുങ്ങിമരിച്ചു

കോതമംഗലം: നെല്ലിക്കുഴി ചാലുചിറയില്‍ ബന്ധുവായ കുട്ടിയോടൊപ്പം കുളിക്കാനെത്തിയ നവവധു മുങ്ങിമരിച്ചു. നെല്ലിക്കുഴി മംഗലശ്ശേരി ഷിഹാബിന്റെ ഭാര്യ ഷാനിഫ(19) യാണു മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ വീടിനടുത്ത ചിറയില്‍ ഷിഹാബിന്റെ സഹോദരീപുത്രി അക്‌സനയോടൊപ്പം തുണികള്‍ കഴുകുന്നതിനും കുളിക്കുന്നതിനും വേണ്ടി എത്തിയ ഷാനിഫ വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ കാല്‍വഴുതി ചിറയില്‍ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ അക്‌സനയുടെ കാലില്‍ പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ അക്‌സനയും വെള്ളത്തില്‍ വീണു. ഇരുവരുടെയും കരച്ചില്‍ കേട്ട് എത്തിയവര്‍ അക്‌സനയെ കരയ്ക്ക് എത്തിച്ചു. എന്നാല്‍, ഷാനിഫ വെള്ളത്തില്‍ താണുപോയി.
ചിറയിലെ ചളിയില്‍ താഴ്ന്ന ഷാനിഫയെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മറയൂര്‍ പത്തടിപാലം പട്ടംകോളനി കല്ലടി മുത്തുവിന്റെയും ഷൈലുവിന്റെയും ഏക മകളാണ്. രണ്ടാഴ്ച മുമ്പാണ് ഷിഹാബിന്റെയും ഷാനിഫയുടെയും വിവാഹം നടന്നത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മറയൂരിലേക്ക് കൊണ്ടുപോവും.
Next Story

RELATED STORIES

Share it