kozhikode local

നവമാധ്യമങ്ങളെ ഭീഷണിയായി കാണരുതെന്ന്

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഭീഷണിയായി കാണാതെ അതിന്റെ സാധ്യതകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ വില്‍പനക്കുള്ളതാകുമ്പോള്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച 'മീഡിയ നാളെ' എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മാധ്യമവും മറ്റൊരു മാധ്യമത്തിന് ഭീഷണിയല്ല. സാങ്കേതികരംഗത്ത് വളര്‍ച്ചയുണ്ടാകുന്നതനുസരിച്ച് മാധ്യമരീതികളില്‍ മാറ്റം വരുന്നു. മുന്‍ കാലങ്ങളില്‍ ആകാശവാണിയായിരിക്കും പത്രങ്ങളുടെ പ്രചാരം കുറക്കുകയെന്ന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ആകാശവാണിയുടെ പ്രചാരം കൂടിയതിനൊപ്പം പത്രങ്ങളുടെ പ്രചാരവും കൂടി. പിന്നീട് ടിവിയുടെ പ്രചാരത്തോടെ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവിനേയും പത്രങ്ങള്‍ ആശങ്കയോടെ കണ്ടു. എന്നാല്‍ ഇതിനേയും അതിജീവിച്ചു. ഇപ്പോള്‍ നവമാധ്യമങ്ങള്‍ കടന്നുവരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ആത്യന്തിക ഉത്തരവാദിത്തമാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു.
കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, ഏഷ്യാനെറ്റ് റീജ്യണല്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, മെല്‍ജോ തോമസ് ക്ലാസെടുത്തു.
Next Story

RELATED STORIES

Share it