kozhikode local

നഴ്‌സുമാരുടെ സമരം: മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ആശുപത്രി മാനേജ്‌മെന്റ് തയ്യാറാവുന്നില്ലെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബോണസ്, ശമ്പളം, അലവന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് സംഘടനയും മാനേജ്‌മെന്റും കരാര്‍ ഒപ്പിടുകയും ശമ്പളത്തിനും ബോണസിനുമായി സമയപരിധി നീട്ടിനല്‍കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ രണ്ടു നഴ്‌സുമാരെ യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ മാനേജ്‌മെന്റ് പുറത്താക്കി.
വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോയ നഴ്‌സുമാരെ മാനേജ്‌മെന്റ് അധിക്ഷേപിക്കുകയും പുറത്താക്കപ്പെട്ടവര്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 23 മുതല്‍ സമരമാരംഭിച്ചത്. ഈ വിഷയത്തില്‍ മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും യൂനിയനുമായി ചര്‍ച്ചയ്ക്കും തയ്യാറാവാതിരിക്കുകയുമാണ്.
180ഓളം നഴ്‌സുമാരാണ് സമരത്തിലുള്ളത്. ഡയാലിസിസ് സെന്ററില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പോലും പങ്കെടുക്കാത്ത മാനേജ്‌മെന്റ് നടപടി ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താമ്മേളനത്തില്‍ യു എന്‍ എ സംസ്ഥാന ജോയിന്‍ സെക്രട്ടറി നവീന്‍ പി വര്‍ഗീസ്, ജിതിന്‍ ലോഹി, സി പി മിഥുന്‍ രാജ്, ഇ സുനിത പങ്കെടുത്തു.
Next Story

RELATED STORIES

Share it