Alappuzha

നഴ്‌സിനെ മര്‍ദ്ദിച്ചതായി പരാതി

അമ്പലപ്പുഴ: ഐ.സി.യുവില്‍ ഡ്യൂട്ടി ചെയ്ത നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി ഐ.സി.യുവില്‍ ജോലി ചെയ്ത ബിതിന്‍ബാബു(23)വിനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സര്‍ജറി ഐ.സി.യുവില്‍ ചികില്‍സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായ വണ്ടാനം തൈപ്പൊക്കലില്‍ ഭദ്രനെതിരേ ബിതിന്‍ബാബു അമ്പലപ്പുഴ സി.ഐക്ക് പരാതി നല്‍കി. സുഹൃത്തിന്റെ പിതാവിന്റെ കൂട്ടിരിപ്പുകാരനായെത്തിയ ഭദ്രനോട് രോഗിയുടെ രക്തം പരിശോധിച്ചതിന്റെയും സ്‌കാനിങിന്റെയും റിപോര്‍ട്ട് വാങ്ങിവരാന്‍ ബിതിന്‍ ബാബു പറഞ്ഞു. എന്നാല്‍ സ്‌കാനിങ് റിപോര്‍ട്ട് ഈ രോഗിയുടെ അതേ പേരിലുള്ള മറ്റൊരു രോഗിയുടെ റിപോര്‍ട്ടാണ് കൊണ്ടുവന്നത്. ഇത് മാറ്റിവാങ്ങാന്‍ പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ ഭദ്രന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിതിന്‍ബാബു പരാതിയില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം ഭദ്രന്‍ ഓടിരക്ഷപ്പെട്ടു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സംയുക്ത നഴ്‌സിങ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ പണിമുടക്ക് നടത്തി. ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാവിലെ 11 ഓടെ പണിമുടക്ക് അവസാനിപ്പിച്ചു. സര്‍ജറി ഐ.സി.യുവില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും അക്രമിക്കെതിരേ കേസെടുക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ബി.എം.എസ്. യൂനിറ്റ് അംഗവും സേവാഭാരതി പ്രവര്‍ത്തകനുമായ ഭദ്രനെതിരേജാമ്യമില്ലാവകുപ്പ് പ്രകാരം അമ്പലപ്പുഴ പോലിസ് കേസെടുത്തു. പരിക്കേറ്റ ബിതിന്‍ ബാബുവിനെ ആശുപത്രിയിലെ 10- ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it