നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

കൊച്ചി: എറണാകുളം ലിസി കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. ബി.എസ്‌സി. മൂന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി തൃക്കാക്കര ചാലിശ്ശേരി വീട്ടില്‍ ഡേവിഡിന്റെ മകള്‍ ധന്യ ഡേവിഡ്(20) ആണ് ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്നു ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.20ഓടെയാണു സംഭവം. ലിസി ആശുപത്രിക്കു സമീപമുള്ള നഴ്‌സിങ് കോളജില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ധന്യ ക്ലാസിലുണ്ടായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു.

ഇതിനുശേഷം ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് ഇന്റര്‍വെല്‍ സമയത്ത് ധന്യ ക്ലാസില്‍നിന്ന് ഹോസ്റ്റലിലേക്കു പോയിരുന്നു. ഹോസ്റ്റലിനു പിറകിലായി എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ധന്യ ചാടിയ വിവരം അറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദ്യാര്‍ഥിനികളും ഹോസ്റ്റലിലുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്ന് ധന്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ സണ്‍ഷേഡില്‍ ഇടിച്ചും മറ്റും തലയ്‌ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ധന്യയുടെ ഇടതുകൈവെള്ളയില്‍ 'പപ്പ, മമ്മി, മഞ്ജു സോറി' എന്നെഴുതിയിട്ടുള്ളതായി പോലിസ് പറഞ്ഞു. സ്വന്തം സഹോദരനെയാണ് മഞ്ജുവെന്നു വിളിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു.

പെണ്‍കുട്ടിക്ക് മാനസികസംഘര്‍ഷമൊന്നും ഉള്ളതായി അറിവില്ലെന്ന് കോളജ് ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു. ഇടയ്ക്ക് കുട്ടികള്‍ക്ക് കൗണ്‍സലിങ് നടക്കാറുണ്ട്. ഇന്ന് സ്റ്റഡിലീവ് ആരംഭിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നോര്‍ത്ത് സി.ഐ. പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഹോസ്റ്റലില്‍ ധന്യയുടെ മുറിയിലും ചാടിയ സ്ഥലങ്ങളിലുമായി പരിശോധന നടത്തി. ലിസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും. പോസ്റ്റമോര്‍ട്ടത്തിനുശേഷമേ മരണത്തെ സംബന്ധിച്ച ശാസ്ത്രീയവിശകലന റിപോര്‍ട്ട് ലഭിക്കുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു. ബെന്നി ബഹനാന്‍ എം. എല്‍.എ, സിറ്റി പോലിസ് കമ്മീഷണര്‍ എ എസ് ദിനേശ്, അസി. പോലിസ് കമ്മീഷണര്‍ എസ് ടി സുരേഷ്‌കുമാര്‍ എന്നിവര്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തി. കൊച്ചന്നം ആണ് ധന്യയുടെ മാതാവ്. സഹോദരന്‍: ഫ്രാന്‍സിസ്(കുവൈത്ത്).
Next Story

RELATED STORIES

Share it