നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പ്രശ്‌നം; ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി കെ സി ജോസഫ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഉറപ്പ് നല്‍കിയതായി മന്ത്രി കെ സി ജോസഫ്. മുഖ്യമന്തിക്കും നോര്‍ക്ക സെക്രട്ടറിക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരമായ ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതിനുശേഷം കേരളത്തില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോവുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. കഴിഞ്ഞ മെയ് മാസം മുതല്‍ 18 രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷന്‍ നിര്‍ബന്ധമാക്കിയതിനുശേഷം ഇതുവരെ 873 നഴ്‌സുമാരെ മാത്രമാണ് വിദേശത്തേക്ക് അയക്കാനായത്. യുഎഇയിലേക്ക് 502ഉം സൗദി അറേബ്യയിലേക്ക് 217ഉം ഒമാനിലേക്ക് 107ഉം നഴ്‌സുമാരെയാണ് അയച്ചത്. റിക്രൂട്ടിങ് നടപടികള്‍ കര്‍ശനമാക്കിയതിനു ശേഷം ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെടുകയും നോര്‍ക്ക സെക്രട്ടറി കുവൈറ്റില്‍പോയി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും റിക്രൂട്ടിങില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല.
റിക്രൂട്ടിങിലെ നൂലാമാലകള്‍ കാരണം ആവശ്യക്കാര്‍പോലും എത്താത്ത അവസ്ഥയാണുള്ളത്. നന്നായി ഗൃഹപാഠം ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കഠിനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റിക്രൂട്ടിങ് നടപടികള്‍ ലളിതമായ പാകിസ്താന്‍, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. അതിനാല്‍ ചട്ടങ്ങളില്‍ പുനപ്പരിശോധന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പദ്മ അവാര്‍ഡുകള്‍ക്ക് സംസ്ഥാനം മാനദണ്ഡങ്ങള്‍ ലംഘിച്ച് ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും അത്തരം മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. സുപ്രിംകോടതി ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന ഒരു വിവരവും സര്‍ക്കാരിനു ലഭിച്ചിട്ടില്ല. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി അയച്ച കത്ത് മാത്രമാണ് ഇതുസംബന്ധിച്ചു സംസ്ഥാനത്തിനു ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it