Second edit

നല്ല സമരിയാക്കാരന്‍

ആപത്ഘട്ടത്തിലകപ്പെട്ട സഹജീവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ 'നല്ല സമരിയാക്കാരന്‍' എന്ന് ആദ്യമായി വിശേഷിപ്പിച്ചത് യേശുക്രിസ്തുവാണ്. നല്ല അയല്‍ക്കാരന്‍ എന്നും പറയാറുണ്ട്. എന്നാല്‍, ഇന്ന് ഈ നല്ല മനുഷ്യര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വഴിയില്‍ യാത്രക്കാരെ ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങള്‍. ചോരയില്‍ കുളിച്ചുകിടക്കുന്ന സഹജീവിയെ കണ്ടാല്‍ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ തടിതപ്പുന്ന മറ്റു യാത്രക്കാര്‍. അര്‍ധപ്രാണനായി കിടക്കുന്ന ആ സഹജീവിക്ക് പ്രഥമശുശ്രൂഷ നല്‍കിയാല്‍, അല്ലെങ്കില്‍ അയാളെ യഥാസമയം ആശുപത്രിയിലെത്തിച്ചാല്‍ മിക്കവാറും ഒരു വിലപ്പെട്ട ജീവനായിരിക്കും രക്ഷപ്പെടുക. പക്ഷേ, 'നല്ല സമരിയാക്കാര്‍'പോലും അതിനു തയ്യാറാവുന്നില്ല. കാരണം, പോലിസും കോടതിയും ഭരണകൂടവുമുള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഇടപെടലുകളും നിയമക്കുരുക്കുകളും തന്നെ.  ഇത്തരം ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് ആത്മധൈര്യം നല്‍കാന്‍ പല രാജ്യങ്ങളും നല്ല സമരിയാക്കാരന്‍ നിയമം നടപ്പാക്കിക്കഴിഞ്ഞു. റോഡപകടങ്ങളുടെ രാജ്യമാണ് ഇന്ത്യ. 2014ല്‍ മാത്രം 1,40,000 ജീവനാണ് നിരത്തുകളിലെ കുരുതിക്കളങ്ങളില്‍ പൊലിഞ്ഞുപോയത്. പാര്‍പ്പിടമില്ലാത്തതുകൊണ്ട്, വന്‍ നഗരങ്ങളിലെ പാതയോരങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന പാവങ്ങളുടെ നെഞ്ചത്തുകൂടി, മദ്യപിച്ച് ഉന്മത്തരായി കാറോടിച്ചുകയറ്റാന്‍ മടിക്കാത്തവരുടെ നാടാണിത്. ഈ ഇരകളെ രക്ഷിക്കാന്‍ തയ്യാറാവുന്ന നല്ല സമരിയാക്കാരുടെ ഭയമില്ലാതാക്കുന്നതിനും നിയമക്കുരുക്കുകളില്‍നിന്ന് അവരെ മോചിതരാക്കുന്നതിനും ഏകീകൃതമായ നിയമങ്ങള്‍ ഉണ്ടാവേണ്ടതായിട്ടാണിരിക്കുന്നത്.
Next Story

RELATED STORIES

Share it