kasaragod local

നറുക്കെടുപ്പ്: മുളിയാറിലും വൊര്‍ക്കാടിയിലും ഭാഗ്യം യുഡിഎഫിനൊപ്പം; എന്‍മകജെയില്‍ ബിജെപിക്ക്

കാസര്‍കോട്: മുളിയാര്‍, എന്‍മകജെ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ. മുളിയാറില്‍ ഭാഗ്യം യുഡിഎഫിനെ തുണച്ചപ്പോള്‍ എന്‍മകജെയില്‍ ബിജെപിക്കൊപ്പമായിരുന്നു. മുളിയാറില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗങ്ങളാണ് ഉള്ളത്. ഏഴു വീതം വോട്ടുകള്‍ ഇരു മുന്നണിക്കൊപ്പം ലഭിച്ചപ്പോള്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പില്‍ മുസ്‌ലിംലീഗിലെ ഖാലിദ് ബെള്ളിപ്പാടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എം മാധവനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.
വോര്‍ക്കാടിയില്‍ സ്വതന്ത്രനെ ബിജെപിയും സിപിഎമ്മും പിന്തുണച്ചതിനെതുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ഗോപാലയ്ക്കും യുഡിഎഫ് സ്ഥാനാര്‍ഥി ലീഗിലെ ബി എ അബ്ദുല്‍ മജീദിനും തുല്യ വോട്ട് ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെ അബ്ദുല്‍ മജീദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും ഏഴു വീതം വോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. 16 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് നാലും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. രണ്ടു സ്വതന്ത്രരും ഭരണസമിതിയിലുണ്ട്.
ഇവരില്‍ സ്വതന്ത്രന്‍ ഗോപാല പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുകയായിരുന്നു. ഗോപാലയെ ബിജെപിയുടെ മൂന്ന് അംഗങ്ങളും സിപിഎമ്മിലെ രണ്ട് അംഗങ്ങളും മറ്റൊരു സ്വതന്ത്രനും പിന്തുണച്ചു. എല്‍ഡിഎഫിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെനിര്‍ത്താതെ സ്വതന്ത്രനെ പിന്തുണച്ചത് ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കാന്‍ വേണ്ടിയാണെന്ന് ആരോപണമുണ്ട്.
എന്‍മകജെ പഞ്ചായത്തില്‍ ഭാഗ്യം തുണച്ചത് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെ. ശാരദ ടീച്ചറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 17 അംഗ പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏഴു വീതം അംഗങ്ങളും എല്‍ഡിഎഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്.
Next Story

RELATED STORIES

Share it