നരേന്ദ്ര മോദിയുടെ നിലപാട്  ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി: സിപിഐ

തിരുവനന്തപുരം: പ്രധാനമന്ത്രി പദമേറ്റെടുത്തശേഷം സംസ്ഥാനത്ത് ആദ്യമായി സന്ദര്‍ശനം നടത്തുന്ന നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നിഷേധിച്ചത് അപലപനീയമാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
നാളെ കൊച്ചിയില്‍ ഐഎന്‍എസ് ഗരുഡ നേവല്‍ ബേസിലും 15ന് ശംഖുമുഖത്തെ എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയിലും സ്വീകരിക്കാനും യാത്രയയ്ക്കാനും എത്തുന്നതിനിടയില്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താമെന്നുള്ള മോദിയുടെ നിലപാട് കേരള ജനതയെ അപമാനിക്കലാണ്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവര്‍ ആരായാലും അവരെ മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. മോദിയുടെ നിലപാട് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും കേരളത്തോടുള്ള അവഹേളനവുമാണ്. ആര്‍ ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതും ന്യായീകരിക്കാവുന്നതല്ല. യോഗത്തിന്റെ അധ്യക്ഷനായി മുഖ്യമന്ത്രിയെ തീരുമാനിക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിനുശേഷം ബിജെപി - സംഘപരിവാര നേതൃത്വങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി മുഖ്യമന്ത്രിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് ന്യായീകരിക്കാവുന്നതല്ല.
സംഘപരിവാര ശക്തികളോടും വെള്ളാപ്പള്ളി നടേശനോടുമെല്ലാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സും കാട്ടിയ മൃദുസമീപനത്തിന്റെ പരിണിത ഫലമായാണ് ഈ സാഹചര്യം സംജാതമായത്. ശ്രീനാരായണ പ്രസ്ഥാനത്തെ സംഘപരിവാരത്തിന്റെ തൊഴുത്തില്‍ കെട്ടുന്നതിനുള്ള അച്ചാരം വാങ്ങിയതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന്‍ മുന്‍കൈയെടുത്ത് ഈ ഹീനമായ രാഷ്ട്രീയ കളികള്‍ നടത്തുന്നതെന്ന് എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it