നരസിംഹറാവുവിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍; ഉദാരവല്‍ക്കരണം എതിര്‍ത്തവരെ അറിയാനും ഐബിയെ ഉപയോഗിച്ചു

ന്യൂഡല്‍ഹി: 1991ല്‍ നരസിംഹറാവു കൊണ്ടുവന്ന ഉദാരവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന മന്ത്രിസഭാംഗങ്ങളുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പേരുവിവരങ്ങള്‍ നല്‍കാനും നരസിംഹറാവു ഇന്റലിജന്‍സ് ബ്യുറോയോട് ആവശ്യപ്പെട്ടതായി വിനയ് സീതാപതി എഴുതിയ ഹാഫ് ലയണ്‍: ഹൗ പി വി നരസിംഹറാവു ട്രാന്‍സ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകം. ഇതു സംബന്ധിച്ച ലിസ്റ്റ് വൈകാതെ ഇന്റലിജന്‍സ് ബ്യൂറോ റാവുവിനു സമര്‍പ്പിച്ചതായും സീതാപതിയുടെ പുസ്തകത്തില്‍ പറയുന്നു.
55 എംപിമാരും ബല്‍റാം ഝാക്കര്‍, മാധവറാവു സിന്ധ്യ എന്നീ മന്ത്രിമാരും ഉദാരവല്‍ക്കരണത്തിന് എതിരാണെന്ന് ലിസ്റ്റില്‍ ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി. രാജ്യത്തേക്ക് മള്‍ട്ടി നാഷനല്‍ കമ്പനികളെ കൊണ്ടുവരുന്നതില്‍ ഏഴ് എംപിമാര്‍ എതിരായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് 18 എംപിമാര്‍ എതിരായ നിലപാടു പുലര്‍ത്തിയിരുന്നു. രാസവള സബ്‌സിഡി കുറച്ചുകൊണ്ടുവരുന്നതില്‍ 20 എംപിമാര്‍ക്ക് സര്‍ക്കാരിനോട് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. അര്‍ജുന്‍ സിങ്, ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെ 22 നേതാക്കള്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ബിജെപിയുമായുണ്ടാക്കിയ രഹസ്യധാരണയെ എതിര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്കു പുറമെ മറ്റു സാധ്യതകളും റാവു ഉപയോഗിച്ചുവെന്നും പുസ്തകം പറയുന്നു.
നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഉദാരവല്‍ക്കരണമെന്ന് റാവു ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗങ്ങളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ നേതാക്കള്‍ വിമര്‍ശിക്കുമ്പോള്‍ റാവു മന്‍മോഹന്‍ സിങിന്റെ അഴിമതിവിരുദ്ധ റെക്കോര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു പതിവ്. അങ്ങനെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനെതിരേ ആക്രമണം തിരിച്ചുവിടും. രാജീവ് ഗാന്ധിയുടെ ലക്ഷ്യപൂര്‍ത്തീകരണമെന്ന നിലയിലാണ് സാമ്പത്തിക ഉദാരവല്‍ക്കരണത്തെ റാവുവും മന്‍മോഹന്‍ സിങും ഉയര്‍ത്തിക്കാട്ടിയിരുന്നതെന്നും പുസ്തകം പറയുന്നു.
Next Story

RELATED STORIES

Share it