kannur local

നരവൂര്‍ വലിയതോട് നവീകരണം അന്തിമഘട്ടത്തില്‍

കൂത്തുപറമ്പ: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന മണ്ണ്-ജല സംരക്ഷണ പദ്ധതിയില്‍ നബാര്‍ഡിന്റെ സഹായത്തോടെ കെഎല്‍ഡിസി ആരംഭിച്ച തോട് സംരക്ഷണ പദ്ധതി കൂത്തുപറമ്പ് നഗരസഭയില്‍ അന്തിമഘട്ടത്തില്‍. 2.6 കോടി രൂപ ചെലവില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ച നരവൂര്‍ വലിയതോടിന്റെ പ്രവൃത്തിയാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. തോട് നിര്‍മാണ പ്രവൃത്തിയോടനുബന്ധിച്ച് ഒരു ചെക്ക് ഡാമും നിര്‍മിക്കുന്നുണ്ട്.
ഇതിന്റെ പ്രവൃത്തിയും ഏതാണ്ട് പൂര്‍ത്തിയായി. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും തോടുകളും കുളങ്ങളും സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കി വരികയാണ്. പുഴകളുടെ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പദ്ധതിയും നടക്കുന്നുണ്ട്. വര്‍ഷങ്ങളായി ആഫ്രിക്കന്‍ പായല്‍ വളര്‍ന്ന് നാശോന്‍മുഖമായിരുന്ന കോട്ടയംചിറ 4 കോടി രൂപ ചെലവിട്ട് സഹസ്രസരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിരുന്നു.
മഴക്കാലത്തു തോട് പൊട്ടി കൃഷിയിടങ്ങൡ വെള്ളം കയറി കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസമാണ് പദ്ധതി. പ്രവൃത്തി തുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണവും ലഭിച്ച് തുടങ്ങി. തോടിന് സമീപത്തെ നിരവധി പേരാണ് പച്ചക്കറികൃഷി തുടങ്ങിയത്.
നരവൂര്‍ മുതല്‍ മുതിയങ്ങ വരെ നീളുന്ന തോടിന്റെ പ്രവൃത്തി പ്രദേശത്തെ കര്‍ഷകരുടെ കൂടി സജീവമായ സഹകരണത്തോടെയാണ് മുന്നേറുന്നത്. തോട്ടില്‍ ഒരു തടയണ കൂടി നിര്‍മിച്ചാല്‍ അത് കൂടുതല്‍ ഗുണകരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it