Middlepiece

നമ്മുടെ പ്രധാനമന്ത്രി ദേ വന്നു; പോയി...

നമ്മുടെ പ്രധാനമന്ത്രി ദേ വന്നു; പോയി...
X
slug-indraprasthamകൊല്ലത്ത് ഒരു ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടമുണ്ടായെന്നു കേട്ട ഉടനെ വായുസേനാ വിമാനത്തില്‍ കയറി പ്രധാനമന്ത്രി തെക്കോട്ടു തിരിച്ചു. തിരഞ്ഞെടുപ്പുകാലമായതുകൊണ്ട് ഇത്തവണ സന്ദര്‍ശകരുടെ തള്ളിക്കയറ്റമായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇടമുറിയാതെ കയറിവന്ന സന്ദര്‍ശകരോട് കാര്യങ്ങള്‍ വിശദീകരിക്കലായിരുന്നു പ്രധാന പണി.
അതൊക്കെ നല്ല കാര്യം തന്നെ. ദുരിതവും ബുദ്ധിമുട്ടും വരുമ്പോള്‍ അന്വേഷിക്കാന്‍ അയല്‍ക്കാരും ബന്ധുക്കളും വരുന്നത് നല്ലതു തന്നെ. സഹായവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നതും സ്വാഭാവികം.
എന്നാല്‍, എവിടെയെങ്കിലും ഭൂകമ്പമോ അങ്ങനെ വല്ല ദുരന്തമോ ഉണ്ടായതായി കേട്ടാല്‍ ആര്‍ക്കും വേണ്ടാത്ത പഴന്തുണിയും ഉപയോഗിച്ചു മോശമായ വസ്ത്രങ്ങളും കെട്ടിയെടുത്ത് അങ്ങോട്ടയക്കുന്ന പരിപാടി പതിവുള്ളതാണ്. ഇത്തരം സഹായവസ്തുക്കള്‍ അതു കിട്ടുന്ന കൂട്ടര്‍ക്ക് പലപ്പോഴും ഉപദ്രവമായാണു വരുക. കാരണം, ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ എവിടെക്കൊണ്ടു കളയാനാണ്?
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നതും അങ്ങനെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതും ശ്രദ്ധയോടെയും ആലോചനയോടെയും വേണമെന്നാണ് ഇതിനര്‍ഥം. അതല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമായാണ് ഭവിക്കുക.
നമ്മുടെ പ്രധാനമന്ത്രിയുടെ ഓഫിസിനും ഇത്തരം കാര്യങ്ങളില്‍ അല്‍പംകൂടി വകതിരിവു വേണം എന്നാണ് കഴിഞ്ഞയാഴ്ചയിലെ അനുഭവങ്ങള്‍ നോക്കിയാല്‍ ആര്‍ക്കും തോന്നിപ്പോവുക. ഒരു ഡസന്‍ ഡല്‍ഹി ഡോക്ടര്‍മാരെയുംകൊണ്ടാണ് അദ്ദേഹം പറന്നെത്തിയത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്നും മറ്റു പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുമാണ് അവര്‍ വന്നത്. പ്രധാനമന്ത്രിയുടെ വിമാനത്തില്‍ കയറണം എന്ന ഉത്തരവ് അവര്‍ക്കു ലഭിച്ചത് പുറപ്പെടുന്നതിന് വെറും ഒരുമണിക്കൂര്‍ മുമ്പാണെന്നു പറയപ്പെടുന്നു.
പലരും തിരക്കേറിയ സര്‍ജന്‍മാരാണ്. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പലതും മാറ്റിവച്ചാണ് അവര്‍ മൂന്നുമണിക്കൂറിലേറെ വിമാനത്തില്‍ സഞ്ചരിച്ച് കേരളത്തിലെത്തിയത്. ഇവിടെ വന്നുനോക്കിയപ്പോഴാണ് ഇത്തരം അത്യാഹിതങ്ങളെ നേരിടാന്‍ കഴിവുറ്റ ഡോക്ടര്‍മാര്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത നാടാണ് കേരളം എന്ന് അവര്‍ കണ്ടു മനസ്സിലാക്കിയത്. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മരുന്നിനും ഒരു കുറവുമില്ല. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ഒരുപോലെ മികച്ച നിലവാരം പുലര്‍ത്തുന്നത്. കേരളത്തിനു പുറത്തുനിന്ന് തല്‍ക്കാലം വിദഗ്ധചികില്‍സയൊന്നും ആര്‍ക്കും വേണ്ടിവന്നില്ലെന്നു തീര്‍ച്ച.
എന്നിട്ടും വന്‍തോതില്‍ പൊള്ളലേറ്റ ആളുകളെ കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ കേരളത്തിനു പുറത്തേക്ക് കൊണ്ടുപോവാന്‍ തയ്യാറാണെന്നാണ് അധികാരികള്‍ പ്രഖ്യാപിച്ചത്. കഠിനമായി പൊള്ളലേറ്റ ആളുകള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കിയിട്ടുള്ള ഒരു സ്ഥലത്തുനിന്ന് അവരെ ദീര്‍ഘദൂരം വാഹനത്തില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോവേണ്ട സാഹചര്യമെന്ത് എന്ന് ആരും ആലോചിച്ചില്ല. അവസാനം വിദഗ്ധ ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കേണ്ടിവന്നു അത്യാസന്ന രോഗികളെ പുറത്തുകൊണ്ടുപോവുന്നത് ആപത്താണെന്ന്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞപോലെയാവും അനുഭവം.
ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ള സഹായം എന്ത് എന്ന കാര്യത്തില്‍പ്പോലും കൃത്യമായ ഒരു പിടിപാടും ഇല്ലാത്ത കുറേ ഗോസായിമാരാണ് കേന്ദ്രഭരണത്തിന്റെ താക്കോല്‍സ്ഥാനത്ത് ഇരിക്കുന്നതെന്നു കാണുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോവും. കുറ്റം പ്രധാനമന്ത്രിയുടേതല്ല. അദ്ദേഹം നല്ല ഉദ്ദേശ്യശുദ്ധിയോടെ എടുത്ത നടപടിയാണ്. നാട്ടില്‍ ഒരു ദുരന്തം വന്നപ്പോള്‍ അങ്ങോട്ടു പറക്കുന്നത് മറ്റു അടിയന്തര നടപടികള്‍ക്കു വിഘാതമാവും എന്ന് പോലിസ് മേധാവി പറഞ്ഞത് അവഗണിച്ചതില്‍ കുഴപ്പമില്ല. പക്ഷേ, അങ്ങോട്ടുപോവുമ്പോള്‍, അന്നാട്ടിലെ ആളുകള്‍ക്ക് എന്തു സഹായമാണ് വേണ്ടത് എന്ന് ആലോചിക്കുമ്പോള്‍ അവിടെയുള്ള ഭരണകര്‍ത്താക്കളെ ഒന്നു വിളിച്ച് അന്വേഷിക്കുന്നതാണ് ബുദ്ധിയും മര്യാദയും. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ എയിംസിലെയും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയും രോഗികളുടെ ചികില്‍സയും ശസ്ത്രക്രിയയും കുഴപ്പത്തിലാക്കി ആ ഡോക്ടര്‍മാര്‍ ഒക്കെയും ഇങ്ങോട്ടു പറന്നുവരേണ്ട കാര്യം ഉണ്ടാവുമായിരുന്നില്ല. എന്തുചെയ്യാം?
തിരഞ്ഞെടുപ്പുകാലമാണ്. ജനസേവനത്വര ഉച്ചിയില്‍ കയറിനില്‍ക്കുന്ന കാലം. ആലോചിച്ചുവരുമ്പോഴേക്കും എതിരാളികള്‍ പണിപറ്റിച്ചുകളയും.
Next Story

RELATED STORIES

Share it