Idukki local

നബാര്‍ഡ് പദ്ധതികളുടെ അവലോകനയോഗം മാറ്റിവച്ചു; എംപി കലക്ടറെ അതൃപ്തി അറിയിച്ചു

ചെറുതോണി: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗത്തില്‍ നിര്‍വ്വഹണോദ്യോഗസ്ഥര്‍ കൃത്യമായി പങ്കെടുക്കാത്തതില്‍ അഡ്വ.ജോയ്‌സ് ജോര്‍ജ് എംപി ജില്ലാ കലക്ടറെ അതൃപ്തി അറിയിച്ചു.ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന നബാര്‍ഡിന്റെ വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ പങ്കാളിത്തം കുറഞ്ഞത്.
റൂറല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡവലപ്പമെന്റ് ഫണ്ടിന്റെ (ആര്‍ഐഡിഎഫ്) പദ്ധതി തുക വിനിയോഗിക്കുന്ന 19 ജില്ലാ തല ഉദ്യോഗസ്ഥരാണ് യോഗത്തില്‍ എത്തേണ്ടിയിരുന്നത്.എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. ഇത് ഗുരുതരമായി കാണണമെന്ന് എംപി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ഒരാഴ്ച മുമ്പ് കലക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യകേരളം പദ്ധതിയുടെ അവലോകന യോഗത്തിലും ഉദ്യോഗസ്ഥരുടെ ഹാജര്‍ കുറവായിരുന്നു. നിര്‍വഹണോദ്യോഗസ്ഥരില്ലാതെ യോഗം കൂടാന്‍ കഴിയില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എംപി അറിയച്ചതിനെ തുടര്‍ന്ന് അവലോകന യോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു.
നബാര്‍ഡിന്റെ യോഗവും ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പങ്കാളിത്തമില്ലാതെ കൂടേണ്ടതില്ലെന്ന് എംപി അറിയിച്ചതിനെ തുടര്‍ന്ന് യോഗം കലക്ടര്‍ മാറ്റി വച്ചു. തുടര്‍ച്ചയായി ഉദ്യോഗസ്ഥരുടെ അനാസ്ഥ ഉണ്ടാകുന്നതില്‍ ജില്ലാ കലക്ടറും അസംതൃപ്തനാണ്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന 20 റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്ന അവലോകന യോഗത്തി ല്‍ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത് ഗുരുതരമായ തെറ്റാണെന്നും നടപടി ഉണ്ടാകണമെന്നും യോഗത്തിലെത്തിയ എംപിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസും ആവശ്യപ്പെട്ടു.
200 കോടിയിലേറെ രൂപയുടെ വിവിധ പദ്ധതികളാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നബാ ര്‍ഡിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്നത്.കേന്ദ്ര പദ്ധതികള്‍ പൂര്‍ത്തിയാക്കി യൂട്ടിലൈസേഷ ന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് യഥാസമയം നല്‍കിയാല്‍ മാത്രമേ വീണ്ടും ഫണ്ട് അനുവദിക്കുകയുള്ളു.
Next Story

RELATED STORIES

Share it