Middlepiece

നട്ടപ്പാതിരയ്ക്ക് ഇറങ്ങുന്ന ഉത്തരവുകള്‍

നട്ടപ്പാതിരയ്ക്ക് ഇറങ്ങുന്ന ഉത്തരവുകള്‍
X
slug-indraprasthamഅബു അബ്രഹാമിന്റെ ലോകപ്രശസ്തമായ ഒരു കാര്‍ട്ടൂണുണ്ട്. ബാത്ത് ടബ്ബില്‍ കുളിക്കാന്‍ കിടക്കുന്ന രാഷ്ട്രപതി പരിചാരകര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടുകൊടുക്കുന്ന വേളയില്‍ ഇനിവല്ലതുമുണ്ടെങ്കില്‍ കുളിച്ചുതീരുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് അതില്‍ ചിത്രീകരിച്ചത്.
സംഭവം നടന്നത് 1975ലാണ്. ജൂണ്‍ 25ന് അര്‍ധരാത്രി ഇന്ദിരാഗാന്ധി കാബിനറ്റ് യോഗം വിളിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് തയ്യാറാക്കിയത് അന്നത്തെ പ്രധാന ഉപദേശകനും ബംഗാള്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ഥ് കുമാര്‍ റായ്. പ്രധാനമന്ത്രിയുടെ വസതിയില്‍നിന്നു നട്ടപ്പാതിരയ്ക്ക് ഉദ്യോഗസ്ഥര്‍ റെയ്‌സിന കുന്നിലെ രാഷ്ട്രപതിഭവനിലേക്കു കുതിച്ചെത്തി. അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് വിനീതവിധേയനായി ആ രേഖയില്‍ തുല്യംചാര്‍ത്തി. പിറ്റേന്ന് രാജ്യം അടിയന്തരാവസ്ഥയിലേക്കാണ് ഉണര്‍ന്നെഴുന്നേറ്റത്.
അതു ചരിത്രം. പക്ഷേ, സമാനമായ സംഭവവികാസമാണ് നരേന്ദ്രമോദിയുടെ ഭരണത്തിലും കഴിഞ്ഞ മാസം സംഭവിച്ചത്. പക്ഷേ, ഇത്തവണ അത്തരം ദുരന്തങ്ങളുടെ ഇരയായത് കോണ്‍ഗ്രസ് ആണെന്നു മാത്രം. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയതാണ് ബിജെപി. അവസാനം ഒമ്പത് കോണ്‍ഗ്രസ്സുകാരെ കരിങ്കാലികളാക്കി കൂടെ നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. പക്ഷേ, പഴയമാതിരി ആയാറാം ഗയാറാം പരിപാടി ഇപ്പോള്‍ നടപ്പില്ല. കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ട്. അതിനാല്‍ കാലുമാറ്റക്കാരെ സ്പീക്കര്‍ അയോഗ്യരാക്കി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആറു സ്വതന്ത്രരുടെ പിന്തുണയും റാവത്ത് ഉറപ്പാക്കി. അതോടെ മന്ത്രിസഭ, നിയമസഭയിലെ ശക്തിപരീക്ഷണത്തില്‍ വിജയിക്കുമെന്ന് ബിജെപി നേതൃത്വത്തിനു ബോധ്യമായി. അതിനാല്‍ അറ്റകൈ പ്രയോഗിക്കുക തന്നെ എന്ന് അവര്‍ നിശ്ചയിച്ചു. ഭരണസ്തംഭനം വന്നുകഴിഞ്ഞു എന്ന് ഗവര്‍ണറില്‍നിന്നു റിപോര്‍ട്ട് വാങ്ങി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത് സഭ ചേരുന്നതിന്റെ തലേന്ന് രാത്രിയാണ്.
മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പ്രസിഡന്റ് ഒപ്പിടണം. 1975ലെ പോലെത്തന്നെ പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിഭവനിലെത്തി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അങ്ങനെ സഭയിലെ ശക്തിപരീക്ഷണത്തിന്റെ തലേന്നു രാത്രി മുഖ്യമന്ത്രി റാവത്തിനെ പുറത്താക്കി. സഭയിലെ കൂടുതല്‍ അംഗങ്ങളെ കാലുമാറ്റി സ്വന്തം മന്ത്രിസഭ രൂപീകരിക്കാനായി പിന്നത്തെ നീക്കങ്ങള്‍. അതിനു തിരിച്ചടി നല്‍കിയത് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ്. റാവത്ത് മന്ത്രിസഭയെ പുറത്താക്കിയത്, നിലനില്‍ക്കുന്ന നിയമങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് എന്ന് ഹൈക്കോടതി കണ്ടെത്തി. ഉത്തരവില്‍ പ്രസിഡന്റ് ഒപ്പിട്ടു എന്നതൊക്കെ നേര്. പക്ഷേ, പ്രസിഡന്റിനും തെറ്റു പറ്റാം. അതിനാല്‍ സര്‍ക്കാരിന്റെ ഏത് ഉത്തരവും കോടതിയുടെ പരിശോധനയ്ക്കു വിധേയമാണ് എന്നാണ് ഹൈക്കോടതി ഉറപ്പിച്ചുപറഞ്ഞത്. പിരിച്ചുവിട്ട റാവത്തിനെ വീണ്ടും അധികാരത്തില്‍ വാഴിക്കുകയും ചെയ്തു ഹൈക്കോടതി. ഈ മാസം 29ന് സഭയില്‍ ശക്തിതെളിയിക്കണം എന്നും കോടതി പറയുന്നു.
സുപ്രിംകോടതി 26 വരെ ഈ ഉത്തരവിന് സ്‌റ്റേ നല്‍കിയിട്ടുണ്ടെങ്കിലും റാവത്തിന്റെ വിജയം ബിജെപിക്കും നരേന്ദ്രമോദിക്കും സമീപകാലത്ത് കിട്ടിയ ഏറ്റവും കനത്ത തിരിച്ചടിയാണ്. രാജ്യത്തെ ജനാധിപത്യമര്യാദകളെ കാറ്റില്‍പ്പറത്തിയ പാരമ്പര്യം പൊതുവില്‍ കോണ്‍ഗ്രസ്സിന്റേതായിരുന്നു. 1959ല്‍ കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കാനായി ഭരണഘടനയുടെ 356ാം വകുപ്പ് ആദ്യമായി ഉപയോഗിച്ചത് നെഹ്‌റുവാണ്. പിന്നീട് ഇന്ദിരയും രാജീവും ഇതു പലതവണ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിനെതിരേ പൊരുതിയ പ്രതിപക്ഷത്തിന്റെ ഭാഗമായിരുന്നു ഇത്രയുംകാലം ബിജെപിയും അതിന്റെ മുന്‍കാല രൂപമായ ജനസംഘവും. അന്നൊന്നും അവര്‍ക്ക് അധികാരം ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ഥ്യം. പക്ഷേ, അധികാരം കൈയില്‍ കിട്ടിയതോടെ കോണ്‍ഗ്രസ്സിന്റെ അതേ വഴിയിലാണ് ബിജെപിയും മോദിയും സഞ്ചരിക്കുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഉത്തരാഖണ്ഡില്‍ നടന്ന സംഭവങ്ങള്‍. നേരത്തേ അരുണാചല്‍പ്രദേശിലും ഇതേ നാടകം അരങ്ങേറി.
ചുരുക്കത്തില്‍ ഇന്ദിരാഗാന്ധിയില്‍നിന്നു നരേന്ദ്രമോദിയിലേക്ക് അധികം ദൂരമൊന്നുമില്ല എന്ന യാഥാര്‍ഥ്യമാണ് ജനങ്ങളുടെ മുമ്പില്‍ തെളിയുന്നത്. പക്ഷേ, അഭിവന്ദ്യനായ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ പ്രതിച്ഛായ 1975ലെ തന്റെ മുന്‍ഗാമിയെ ഓര്‍മിപ്പിക്കുന്നതരത്തിലാവുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നുണ്ടോ ആവോ!
Next Story

RELATED STORIES

Share it