thiruvananthapuram local

നടേശന്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കുടുംബം കാത്തിരിക്കുന്നു

കല്ലമ്പലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ പോയിട്ട് ഇതുവരെ തിരിച്ചെത്താത്ത ഗൃഹനാഥനെകാത്ത് പ്രാര്‍ഥനയോടെ കുടുംബം. മടവൂര്‍ സീമന്തപുരം പ്ലാന്താനത്ത് വീട്ടില്‍ നടേശന്‍ (60)നെയാണ് പരവൂര്‍ ദുരന്തത്തിനു ശേഷം കാണാതായത്.
മല്‍സര കമ്പം കാണാന്‍ ഭാര്യ ലീലയോട് പറഞ്ഞിട്ടാണ് നടേശന്‍ വൈകീട്ടോടെ വീട്ടില്‍ നിന്ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിലേക്ക് പോയത്. ഒരു കാലഘട്ടത്തില്‍ ഉല്‍സവപറമ്പുകളില്‍ ബാലെ കലാകാരനായി നിറസാന്നിധ്യമായിരുന്ന നടേശന് ഉല്‍സവങ്ങള്‍ എന്നും ഹരമായിരുന്നു.
ഉല്‍സവം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ പേര കുട്ടികള്‍ക്കായി കൈ നിറയെ കളിപ്പാട്ടങ്ങളും പലഹാരവും ഉണ്ടാകും. ചെറുമക്കളായ അശ്വതിയും ഹിമയും ആര്യയുമൊക്കെ മുത്തശ്ശനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. ബാലെ സമിതികളില്‍ നാടകനടനായി അഭിനയ ജീവിതം മുന്നോട്ട് പോകുമ്പോഴും അന്നന്നത്തെ അന്നത്തിനായി നടേശന്‍ ഉല്‍സവപറമ്പുകളില്‍ പന്തല്‍ പണിക്കാരനായും പാറമടകളില്‍ ജോലിക്കാരനായും കൂടിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട 4 മക്കളടങ്ങുന്ന കുടുംബത്തിനായി ഒന്നും സമ്പാദിച്ചുവയ്ക്കാന്‍ കഴിയാത്ത നടേശന് ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്ത് പഞ്ചായത്ത് ധനസഹായം നല്‍കി നിര്‍മാണത്തിലിരിക്കുന്ന വീട് പണിപൂര്‍ത്തിയാക്കി ഒരുദിവസമെങ്കിലും താമസിക്കണമെന്ന ആഗ്രഹമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
പ്ലസ് വണ്ണിന് പഠിക്കുന്ന മകന്‍ ദീപുവിന്റെ പഠനത്തിലും നടേശന് വളരെ പ്രതീക്ഷയുണ്ടായിരുന്നു. അപകട വിവരം അറിഞ്ഞതു മുതല്‍ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ നടേശനായി ഈ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Next Story

RELATED STORIES

Share it