നടപടി ഹൈക്കോടതി തടഞ്ഞു

കൊച്ചി: 2008നു മുമ്പ് നികത്തിയ തണ്ണീര്‍ത്തടങ്ങളും പാടങ്ങളും ന്യായവിലയുടെ ചെറിയ ശതമാനം കെട്ടിവച്ച് സാധൂകരിക്കാനുള്ള നടപടി ഹൈക്കോടതി തടഞ്ഞു. ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യാത്ത സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ സാധൂകരിക്കല്‍ നടപടികളുമായി മുന്നോട്ടുപോവരുതെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍, പ്രാദേശിക നിരീക്ഷണ സമിതികള്‍ അന്തിമ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ച സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധവും നെല്‍വയല്‍ പാടശേഖര സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടി നേച്ചര്‍ ലൗവേഴ്‌സ് ഫോറവും മറ്റു സംഘടനകളും സമര്‍പ്പിച്ച ഹരജിയില്‍ പ്രാഥമിക വാദം കേട്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം പ്രാദേശിക മേല്‍നോട്ട സമിതികളെ നെല്‍വയല്‍ നികത്തുന്നതിനെതിരേ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തുന്നു. എന്നാല്‍, സര്‍ക്കാരിന്റെ  പുതിയ നിയമപ്രകാരം വില്ലേജ് ഓഫിസറുടെ റിപോര്‍ട്ടിന്മേല്‍ ജില്ലാ കലക്ടര്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ സാധൂകരിക്കുകയും ചെയ്യുന്നു. ഇത് പരിസ്പരവിരുദ്ധമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 2008ലെ നിയമം ലംഘിച്ച് നിയമവിരുദ്ധമായി പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തിയവരെ സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നതെന്ന് ഹരജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it