നടപടി നിയമങ്ങളും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകളു ം ലംഘിച്ച് കൈയാമവുമായി തടവുകാരി പ്രസവത്തിന് ആശുപത്രി വാര്‍ഡില്‍

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: മനുഷ്യാവകാശ കമ്മീഷന്റെയും പോലിസ് മേധാവികളുടെയും ഉത്തരവുകള്‍ക്കു ജയിലിലും പോലിസിലും പുല്ലുവില. ഗര്‍ഭിണിയായ തടവുകാരി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ പ്രസവത്തിനായി കഴിയുന്നത് കൈയാമവുമായി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് യുവതിയായ പ്രതിയെ പോലിസ് ഇവ്വിധം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്.
വെസ്റ്റ് പോലിസ് ചാര്‍ജ് ചെയ്ത മോഷണക്കേസിലെ പ്രതിക്കാണ് ഈ ദുര്‍ഗതി. പരാതികളെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചതിനു പിറകെയാണ് മനുഷ്യത്വരഹിതമായ നടപടി. ചട്ടങ്ങള്‍ ലംഘിച്ച് ഡോക്ടര്‍മാരുടെ സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പോലിസിന്റെ നിയമലംഘനം.
വിയ്യൂര്‍ ജയിലില്‍ നിന്നു മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്ക് എത്തിക്കുന്ന വനിതാ തടവുകാരെ പുതിയ ബ്ലോക്കിലെ 16ാം വാര്‍ഡിലെ പ്രിസണ്‍ വാര്‍ഡില്‍ കിടത്തണമെന്നാണ് നിയമം. എന്നാല്‍, ഡോക്ടര്‍മാര്‍ക്ക് ഇവിടെയെത്താന്‍ പ്രയാസമാണെന്ന കാര്യം അംഗീകരിച്ചാണ് വനിതാ തടവുകാരിയെ കുട്ടികളുടെയും സ്ത്രീകളുടെയും വാര്‍ഡില്‍ കിടത്തിയത്. നവജാത ശിശുക്കളും ഇവിടെയുണ്ട്.
മൂന്നു തവണ വിയ്യൂര്‍ ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാരിയാണ് ആശുപത്രിയിലുള്ളത്. രണ്ടു വനിതാ പോലിസുകാര്‍ ഇവര്‍ക്ക് കാവലുണ്ടെങ്കിലും സദാസമയവും കൈവിലങ്ങു വച്ചാണ് ഇവരെ വാര്‍ഡില്‍ കിടത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ യുവതിയെ കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിലോ പൊതുനിരത്തിലോ ഒന്നുംതന്നെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. എന്നാല്‍, പ്രതി ചാടിപ്പോവുമെന്നു ഭയപ്പെടുന്നതിനാലാണ് കൈവിലങ്ങ് അണിയിച്ചതെന്നാണ് പോലിസുകാരുടെ വിശദീകരണം.
മുന്നൂറോളം രോഗികള്‍ കഴിയുന്ന വാര്‍ഡില്‍ പ്രതിയും പോലിസുകാരും ഉള്ളത് മറ്റുള്ളവര്‍ക്ക് വലിയ ശല്യമാകുന്നുണ്ട്. വനിതാ തടവുകാരെ മെഡിക്കല്‍ കോളജിലെ പ്രിസണ്‍ വാര്‍ഡില്‍ മാത്രമേ ചികില്‍സിക്കാവൂ എന്ന, വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും നല്‍കിയ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് പോലിസിന്റെ നടപടി. ശരിയായ ചികില്‍സ ലഭിക്കാതെ വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ മരിക്കുന്നതു നിത്യസംഭവമാണ്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ചു പേര്‍ മരിച്ചിരുന്നു. ഇന്നലെ പാലക്കാട് സ്വദേശിയായ ജയ്‌സണ്‍ (44) എന്ന പ്രതി അര്‍ബുദബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
കൈയാമവുമായി പ്രസവത്തിനു തടവുകാരിയെ ആശുപത്രി വാര്‍ഡില്‍ കിടത്തിയ പോലിസ് നടപടിക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it