kannur local

നടപടിയില്ല: ഓവുചാലുകള്‍ നിറഞ്ഞുകവിഞ്ഞു; പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

മട്ടന്നൂര്‍: നിറഞ്ഞുകവിഞ്ഞ ഓവുചാലുകള്‍ ശുചീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഉളിയില്‍ ഗവ. യുപി സകൂള്‍ പരിസരവും പ്രദേശവുമാണ് ഒരു മഴ വന്നാല്‍ ഓവുചാലുകള്‍ നിറഞ്ഞ് വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പോലും കഴിയാത്ത വിധത്തിലേക്കു മാറുന്നത്.
കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ ശ്രമഫലമായി ഓവുചാലുകള്‍ വൃത്തിയാക്കിയെങ്കിലും വീണ്ടും ഇതേ അവസ്ഥയാണ്. ഒരു ചെറിയ മഴ പെയ്താല്‍ പോലും ചളിക്കുളമാവുന്ന അവസ്ഥയാണ്.
ഇക്കാര്യം അധികാരികളെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. കഴിഞ്ഞ തവണ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഒരു ഇടപെടെലും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇനിയെങ്കിലും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന സമയത്ത് പിഞ്ചുകുട്ടികള്‍ക്ക് സ്‌കൂളില്‍ പോവുന്നത് പോലും ബുദ്ധിമുട്ടാവുമെന്നാണ് രക്ഷിതാക്കല്‍ പറയുന്നത്. ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ നാട്ടുകാരെയും വ്യാപാരികളെയും അണിനിരത്തി പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് വ്യാപാരികളും പ്രദേശവാസികളും.
മലിനജലം കെട്ടിക്കിടന്ന് കൊതുകുശല്യം
മാഹി: ചൊക്ലി, ഗ്രാമത്തി പ്രദേശങ്ങളില്‍ നിന്ന് ഒഴുകിവരുന്ന മലിനജലം പള്ളൂര്‍ വയല്‍ മുണ്ടുകുളങ്ങര സബ് സ്റ്റേഷനിലേക്ക് പോവുന്ന പുതിയ റോഡിന്റെ ഇരു വശങ്ങളിലും മലിന ജലം കെട്ടിക്കിടന്ന് കൊതുക് ശല്യം രൂക്ഷമാവുന്നു. ഇവിടെ ഒഴുകിയെത്തുന്ന മലിനജലം ഓവുചാലുകള്‍ ഇല്ലാത്തതിനാലും സമീപ പ്രദേശത്തെ ഓവു ചാലുകള്‍ മുഴുവന്‍ മണ്ണും ചപ്പുചവറുകളും നിറഞ്ഞ് അടഞ്ഞു കിടക്കുന്നതിനാലുമാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ ദുര്‍ഗന്ധവും കൊതുകു ശല്യവും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
മുഴുവന്‍ ഓവുചാലുകളും മഴയ്ക്കു മുമ്പ് വൃത്തിയാക്കണമെന്നു ആവശ്യപ്പെട്ട് പള്ളൂര്‍ വയല്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി മാഹി മുന്‍സിപല്‍ കമ്മീഷണര്‍, മാഹി റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കെ വി ഹരീന്ദ്രന്‍, ആര്‍ മാധവന്‍, ടി ദിനേശന്‍, പി സുമേഷ്, അലി അക്ബര്‍, ഹാഷിം എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it