നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലേറ്

തൊടുപുഴ: സിനിമാനടന്‍ ആസിഫ് അലിയുടെ തൊടുപുഴ ഉണ്ടപ്ലാവിലെ വീടിനു നേരെ കല്ലേറ്. ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ മുകള്‍നിലയിലെ ജനാലകള്‍ തകര്‍ന്നു. രാഷ്ട്രീയ വൈരമാണ് ആക്രമണത്തിനു പിന്നിലെന്ന് ആസിഫിന്റെ പിതാവ് എം പി ഷൗക്കത്തലി ആരോപിച്ചു. സിപിഎം മുതലക്കോടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍മാന്‍കൂടിയായ ഷൗക്കത്തലി.
നാളുകളായി സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഉണ്ടപ്ലാവ്. പുലര്‍ച്ചെ ഒന്നരയോടെയാണു വീടിന്റെ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് ഒരുസംഘം ആക്രമണം നടത്തിയത്. ആസിഫ് അലിയുടെ സഹോദരന്‍ അസ്ഗര്‍ അലിയും ഒരു സുഹൃത്തും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഭാര്യ മോളിക്കൊപ്പമായിരുന്നു ഈ സമയം ഷൗക്കത്തലി. രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണു സൂചന. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയതോടെയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. കല്ലേറുണ്ടായ വിവരമറിഞ്ഞ് ഷൗക്കത്തലിയും സിപിഎം നേതാക്കളും രാത്രിതന്നെ സ്ഥലത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ ഇന്നലെ രാവിലെ വീട് സന്ദര്‍ശിച്ചു. തൊടുപുഴ പോലിസും വിരലടയാള വിദഗ്ധരും തെളിവെടുത്തു.
ഞായറാഴ്ച നഗരസഭാ 16ാം വാര്‍ഡ് സഭാ യോഗത്തിനിടെ മുസ്‌ലിംലീഗ് കൗണ്‍സിലര്‍ ടി കെ അനില്‍കുമാറിന് നേരെ വസ്ത്രാക്ഷേപവും ആക്രമണവുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. അബി പുത്തന്‍പുര, പ്രവീണ്‍ വാസു, നിഷാദ് കളരിക്കല്‍, നിഷാദ് കുളത്തിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് കേ സെടുത്തത്. കൗണ്‍സിലറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് യുഡിഎഫ് ഉണ്ടപ്ലാവില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഷൗക്കത്തലിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. വീട് എറിഞ്ഞുതകര്‍ത്തവരെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it